നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടോർമകളും പ്രകൃതിയുടെ നന്മയും കോർത്തിണക്കി ഒരു വീഡിയോ ആൽബം; ശ്രദ്ധേയമായി ‘ഏലേലോ’

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടോർമ്മകളും പ്രകൃതിയുടെ നന്മയും കോർത്തിണക്കി തയ്യാറാക്കിയ വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. ഒരപ്പൂപ്പൻ താടയിലൂടെ പ്രകൃതിയുടെ ഉൾക്കാഴ്ചകളിലേക്ക് കൈപിടിച്ച് നടന്ന് ഒടുവിൽ മഞ്ചാടിമണികളായി ജീവിതം ചേർത്തുവെയ്ക്കണമെന്ന് കാണിച്ചു തരുന്നതാണ് ഈ ആൽബം.
അവധിക്കാലമാഘോഷിക്കാൻ നാട്ടിലെത്തുന്ന പെൺകുട്ടിയിലൂടെയാണ് പ്രകൃതിയുടെ സ്പന്ദനങ്ങളിലേക്ക് ‘ഏലേലോ’ എന്ന വീഡിയോ ആൽബം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. നാടോർമകൾ ബാക്കിയാക്കി മടങ്ങുന്നതിനിടെ പച്ചപ്പിനെ ഇല്ലാതാക്കി ഇടിച്ചു നിരത്തിയ കുന്നിൻ ചെരുവും പെൺകുട്ടിയുടെ ശ്രദ്ധയിലേക്ക് എത്തുന്നുണ്ട്. പ്രകൃതി എത്രത്തോളം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഓർമ്മപ്പെടുത്തി കൈയിൽ കരുതിയിരുന്ന മഞ്ചാടിമണികൾ പെൺകുട്ടി നെഞ്ചോട് ചേർക്കുകയാണ്. ആൽബത്തിന് സാമൂഹിക മാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സി മേജർ 7 മ്യൂസിക്കൽ ബാൻഡിന്റെ ഗാനത്തിന് സംവിധാനം നിർവഹിച്ചിരിക്കുന്നത് തേജസ് കെ ദാസ്, രോഹിത് രാമകൃഷ്ണൻ എന്നിവരാണ്. വീഡിയോ ആൽബത്തിലെ മിഴിവേകുന്ന മനോഹര ദൃശ്യങ്ങൾക്ക് പിന്നിൽ ഷാം റോയ് ആണ്. പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തയായ അംകൃത രശ്മീതാണ് ഏലേലോയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമൽ, ദേവനന്ദ്, അമർദേവ്, അതിരുദ്ദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രോഹിത് രാമകൃഷ്ണനാണ് എഡിറ്റിംഗ്. സി മേജർ 7 മ്യൂസിക്കൽ ബാൻഡ് തന്നെയാണ് വീഡിയോ ആൽബത്തിന്റെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here