ജാതി അധിക്ഷേപം; ഡോക്ടർ പായലിന്റെ ആത്മഹത്യ കുറിപ്പ് ഫോണിൽ നിന്നും കണ്ടെത്തി

ജാതി അധിക്ഷേപം മൂലം മുംബൈയിൽ ജൂനിയർ ഡോക്ടർ പായൽ തദ്‌വി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക തെളിവ് കണ്ടെത്തി. കുറ്റാരോപിതരായ സീനിയർ ഡോക്ടർമാരുടെ പേരുകൾ പരാമർശിക്കുന്ന ആത്മഹത്യ കുറിപ്പാണ് പായലിന്റെ ഫോണിൽ നിന്നും വീണ്ടെടുത്തത്. കേസിൽ വഴിത്തിരിവാകുന്നതാണ് ലഭിച്ചിരിക്കുന്ന ആത്മഹത്യ കുറിപ്പ്.
പായലിന്റെ സീനിയർ ഡോക്ടർമാരായിരുന്ന ഹേമ അഹുജ, അങ്കിത ഖണ്ഡേൽവാൽ, ഭക്തി മെഹരേ എന്നിവരാണ് കുറ്റാരോപിതരായവർ. ഇവരുടെ പേരുകളാണ് ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. സീനിയർമാരിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെയാണ് പായൽ ആത്മഹത്യ ചെയ്തതെന്ന വാദം പൊലീസ് കോടതി നടപടികളിലുടനീളം ഉയർത്തിയപ്പോഴും ആത്മഹത്യാ കുറിപ്പിന്റെ അഭാവം പ്രോസിക്യൂഷന് മുൻപിൽ പ്രതിസന്ധിയായി നിന്നു. ഫോറൻസിക്ക് വിഭാഗത്തിന്റെ അന്വേഷണങ്ങളിലൂടെ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിന്റെ ഫോട്ടോയിൽ ഇപ്പോൾ കുറ്റാരോപിതരായി കസ്റ്റഡിയിലുള്ള ഡോക്റ്റർമാരുടെ പേരുകൾക്കൊപ്പം അവരെങ്ങനെയാണ് പായലിനെ ജാതിപരമായും മറ്റും അധിക്ഷേപിച്ച് ഒറ്റപ്പെടുത്താൻ ശ്രമിച്ചത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളുമുണ്ടെന്നാണ് വിവരം.
ഇക്കഴിഞ്ഞ മെയിലാണ് മുംബൈ സെൻട്രലിലെ ബിവൈഎൽ നായർ ആശുപത്രിയിൽ ഡോക്ടർ പായലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത ജാതിപീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. അതിനിടെ പായലിന്റേത് ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണെന്നായിരുന്നു അഭിഭാഷകൻ നിധിൻ സത്പുതിന്റെ വാദം. പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു നിധിന്റെ വിലയിരുത്തൽ. കഴുത്തിലും ശരീരഭാഗങ്ങളിലും മുറിവുണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇത് പായലിന്റേത് കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here