‘ധീരജിനെ കുത്തിയ കത്തിയുണ്ടെങ്കില്‍ ജീവച്ഛവമായി ഇവിടെ ജീവിക്കുന്ന മൂന്ന് പേരെ കൂടി കൊല്ലണം’; ധീരജിന്റെ പിതാവ് രാജേന്ദ്രന്‍

കണ്ണൂര്‍ മലപ്പട്ടത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകോപന മുദ്രാവാക്യത്തിനെതിരെ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് ധീരജിന്റെ പിതാവ് രാജേന്ദ്രന്‍. മൂന്നര വര്‍ഷം അനുഭവിച്ച വേദന വീണ്ടും ഓര്‍മിപ്പിക്കുന്ന നീചമായ പ്രവര്‍ത്തിയെന്ന് ധീരജിന്റെ പിതാവ് രാജേന്ദ്രന്‍ പറഞ്ഞു. ‘ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ തള്ളിയിട്ടില്ല’ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഴക്കിയ മുദ്രാവാക്യം.
മൂന്നര വര്‍ഷം ഞങ്ങള്‍ അനുഭവിച്ച ദുഃഖവും സങ്കടവും വേദനയും വീണ്ടും ഓര്‍മപ്പെടുത്തുന്ന ഒരു നീചമായ പ്രവര്‍ത്തിയാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഗാന്ധിയന്‍ ആഗര്‍ശത്തിലൂടെ ഏകദേശം 45 വര്‍ഷത്തോളമായി കോണ്‍ഗ്രസ് അനുഭാവിയായതിന്, കോണ്‍ഗ്രസിനും സുധാകരനും വോട്ട് ചെയ്തതിന് എനിക്ക് കിട്ടിയ പ്രതിഫലമാണോ ഞങ്ങളുടെ മകന്‍ ധീരജിന്റെ കൊലപാതകമെന്ന് കോണ്‍ഗ്രസുകാര്‍ പറയണം. ആദ്യം അവര്‍ പറഞ്ഞത് അവര്‍ എല്ല ഈ കൊല ചെയ്തത് എന്നാണ്. എന്നാല്‍ അവരുടെ നാവില്‍ നിന്ന് തന്നെ ഈ കൊലപാതകം അവര്‍ തന്നെ ചെയ്തതാണെന്ന് വ്യക്തമാവുകയാണ് – ധീരജിന്റെ അച്ഛന്‍ പറഞ്ഞു.
അതേസമയം, മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ പ്രകോപന മുദ്രാവാക്യം മുഴക്കിയതില്‍ പ്രതിഷേധം കടുപ്പിച്ച് സിപിഐഎമ്മും പോഷക സംഘടനകളും. ധീരജ് രാജേന്ദ്രന്‍ വധക്കേസുമായി ബന്ധപ്പെട്ട മുദ്രാവാക്യം മുഴക്കിയതിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ തള്ളിയിട്ടില്ല എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം. സിപിഐഎം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും അടക്കം നേതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ജില്ലയിലെ വിവിധയിടങ്ങളില്‍ ഡി വൈ എഫ് ഐയും, എസ് എഫ് ഐയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
Story Highlights : Dheeraj’s father about provocative slogans of Congress workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here