സൗദിയിൽ പൊതുഗതാഗത നിരക്കുകൾ കുറയും

സൗദിയിൽ പൊതുഗതാഗത നിയമത്തിലും യാത്രാ നിരക്കിലും മാറ്റം വരുത്തുന്നു. ട്രെയിൻ ബസ് ടാക്‌സി നിരക്കുകൾ കുറയും. വിദ്യാർഥികൾക്ക് ഇളവും കുട്ടികൾക്ക് സൗജന്യ യാത്രയും അനുവദിക്കുന്ന നിയമം താമസിയാതെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

ആഭ്യന്തര യാത്രാ നിരക്കുകളിലും നിയമങ്ങളിലും മാറ്റം വരുത്താനാണ് സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനം. ഇതുപ്രകാരം ട്രെയിൻ, ബസ്, ടാക്‌സി നിരക്കുകളിൽ മാറ്റം വരും. മിനിമം യാത്രാനിരക്ക് ഏർപ്പെടുത്തും. ഒരു ദിവസത്തെ സാധാരണ യാത്രാ ചിലവ് ദിവസ വരുമാനത്തിൻറെ അഞ്ച് ശതമാനത്തിൽ കൂടാതിരിക്കാനും ദീർഘ യാത്രയുടെ ചിലവ് പത്ത് ശതമാനത്തിൽ കൂടാതിരിക്കാനുമാണ് അതോറിറ്റിയുടെ ശ്രമം. സിംഗിൾ ട്രിപ്പ് ടിക്കറ്റ്, സീസൺ ടിക്കറ്റ്, ഫാമിലി ടിക്കറ്റ് എന്നിങ്ങനെ മൂന്നു തരം യാത്രാ ടിക്കറ്റുകൾ ഏർപ്പെടുത്തും. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൻറെ അമ്പത് ശതമാനം വരെ പിഴ ചുമത്തും.

ട്രെയിനിലെയും ബസിലെയും ഇക്കണോമി ടിക്കറ്റുകളുടെ നിലവിലുള്ള നിരക്ക് കുറയും. ആറു വയസ് വരെ സൗജന്യ യാത്ര അനുവദിക്കും. ആറു മുതൽ പതിനെട്ടു വരെ പ്രായമുള്ള വിദ്യാർഥികൾ, അറുപത് വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്ന ശേഷിക്കാർ എന്നിവർക്ക് നിരക്കിൽ അമ്പത് ശതമാനം ഇളവ് നൽകും. ടാക്‌സികളുടെ മിനിമം നിരക്ക് പത്ത് റിയാലാകും. വാരാന്ത്യങ്ങളിലും, തിരക്കുള്ള സമയങ്ങളിലും ടാക്‌സി നിരക്കുകകൾ കൂടും. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പുതിയ നിയമം താമസിയാതെ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് അതോറിറ്റിയുടെ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More