Advertisement

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മുൻ എസ്പിക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ

July 7, 2019
0 minutes Read

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി മുൻ എസ്പിക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. എസ്പി കെ ബി വേണുഗോപാലിനെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കരുതെന്ന് സിപിഐ ഇടുക്കി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതു സർക്കാരിന് ഭൂഷണമല്ല. രാജ്കുമാറിന്റെ അനധികൃത കസ്റ്റഡിക്ക് കൂട്ടുനിന്ന കട്ടപ്പന ഡിവൈഎസ്പിക്കെതിരെയും നടപടി വേണം. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.

ആരോപണ വിധേയനായ എസ്പി കെ ബി വേണുഗോപാലിനെ ഭീകര വിരുദ്ധ സ്‌ക്വാഡിലേക്ക് മാറ്റുകയാണ് സർക്കാർ ചെയ്തത്. നേരത്തെ ഇടുക്കി എസ്പിയെ സംരക്ഷിക്കാൻ സിപിഐഎം നേതൃത്വം ശ്രമിച്ചത് വിവാദമായിരുന്നു. കേസിൽ അറസ്റ്റിലായ നെടുങ്കണ്ടം എസ്‌ഐ സാബു, അനധികൃതമായി കസ്റ്റഡിയിൽവെച്ച് ചോദ്യം ചെയ്യൽ തുടരാൻ നിർദ്ദേശിച്ചത് എസ്പി തന്നെയായിരുന്നു എന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

അതേസമയം, രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പൊലീസുകാർക്ക് ഹരിതാ ഫിനാൻസുമായുള്ള ബന്ധവും അന്വേഷിക്കുന്നു. പ്രതികളെന്ന് സംശയിക്കുന്ന പൊലീസുകാരും ഹരിതാ ഫിനാൻസുമായുള്ള സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്. ഡിവൈഎസ്പിയുടേ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. രണ്ടാം പ്രതി ശാലിനിയെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് സംഘത്തിന്റെ തീരുമാനം. ശാലിനിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം, ചോദ്യം ചെയ്യലിന് ജൂലൈ 10 ന് തൊടുപുഴ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അതേസമയം, ജാമ്യം ലഭിച്ച ശാലിനി ഇപ്പോൾ എവിടെ എന്ന് വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top