സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു

സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. ജിദ്ദയില്‍ നിന്നും കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇനി അഞ്ച് ലിറ്റര്‍ സംസം വെള്ളം കൊണ്ടുപോകാം.

ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന എഐ 964 വിമാനത്തിലും ഹൈദരാബാദിലേക്കുള്ള എഐ 966 വിമാനത്തിലും സെപ്റ്റംബര്‍ പതിനഞ്ചു വരെ സംസം വെള്ളം കൊണ്ടുപോകാനാകില്ലെന്നായിരുന്നു നേരത്തെ എയര്‍ഇന്ത്യ അറിയിച്ചിരുന്നത്. ഈ സെക്ടറുകളില്‍ സര്‍വീസ് നടത്തിയിരുന്ന വലിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വീസുകള്‍ക്കായി പിന്‍വലിച്ചിരുന്നു. പകരം ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് മൂലം ഉണ്ടായ സ്ഥലപരിമിതിയാണ് സംസം വെള്ളം കൊണ്ട് പോകാതിരിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്.

എന്നാല്‍ ഇന്ന് എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച സര്‍ക്കുലര്‍ പ്രകാരം ഈ തീരുമാനം മാറ്റി. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സംസം വെള്ളം കൊണ്ടുപോകാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 45 കിലോ ബാഗേജും അഞ്ച് ലിറ്റര്‍ സംസം വെള്ളവും, ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജും അഞ്ച് ലിറ്റര്‍ സംസം വെള്ളവും കൊണ്ടുപോകാമെന്ന് സര്‍ക്കുലര്‍ പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More