ബുർഹാൻ വാനിയുടെ ചരമവാർഷിക ദിനത്തിൽ കാശ്മീർ താഴ്‌വരയിൽ ബന്ദിന് ആഹ്വാനം ചെയ്ത് വിഘടനവാദികൾ, കനത്ത സുരക്ഷ

ഹിസ്ബുൾ മുജാഹുദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ മൂന്നാം ചരമ വാർഷിക ദിനമായ ഇന്ന് കാശ്മീർ താഴ്‌വരയിൽ ബന്ദിന് ആഹ്വാനം ചെയ്ത് വിഘടനവാദികൾ. ഇതേ തുടർന്ന് കനത്ത സുരക്ഷയാണ് കാശ്മീരിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി വിഘടനവാദി നേതാക്കളായ മിർവൈസ് ഉമർ ഫറൂഖ്, സയിദ് അലി ഷാ ഗിലാനി, ഹിലാൽ വാർ ഉൾപ്പെടെയുള്ളവരെ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്.
പൊലീസും സൈന്യവും ഉൾപ്പെടെയാണ് കാശ്മീർ താഴ്‌വരയിൽ സുരക്ഷയുടെ ഭാഗമായി അണിനിരന്നിരിക്കുന്നത്. ശ്രീനഗറിലെ ചില മേഖലകളിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. തെക്കൻ കാശ്മീരിൽ മൊബൈൽ സേവനങ്ങൾ വിലക്കുകയും ശ്രീനഗറിൽ ഇന്റർനെറ്റ് സേവനം 2 ജിയിലേക്ക് ചുരുക്കുകയും ചെയ്തു.
2016 ജൂലൈ എട്ടിനാണ് ബുർഹാൻ വാനി കൊല്ലപ്പെടുന്നത്. അനന്ത്‌നഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലായിരുന്നു ബുർഹാൻ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള സംഘർഷങ്ങൾക്കാണ് കാശ്മീർ താഴ്‌വര സാക്ഷിയായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here