തൊഴില്‍ രഹിത വേതനം സ്വീകരിച്ചിരുന്ന 2300 പേര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്തിയതായി സൗദി

തൊഴില്‍ രഹിത വേതനം സ്വീകരിച്ചിരുന്ന 2300 പേര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്തിയതായി സൗദി തൊഴില്‍ സാമൂഹിക, വികസനകാര്യ മന്ത്രാലയം. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ദിവസവും ശരാശരി 79 തൊഴില്‍ രഹിതര്‍ക്ക് നിയമനം ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

മാനവ ശേഷി വികസന നിധിയില്‍ നിന്നാണ് തൊഴില്‍ രഹിത വേതനം വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളായ 2,379 ഉദ്യോഗാര്‍ഥികള്‍ക്ക് കഴിഞ്ഞ മാസം സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചു. ഇതില്‍ 1,373 വനിതകളും 1006 പുരുഷന്മാരുമാണ്. തെഴില്‍ രഹിത വേതനം നേടുന്ന മൂന്നു ലക്ഷം ഗുണഭോക്താക്കളാണ് സൗദിയിലുളളത്. 2011 മുതലാണ് സൗദിയില്‍ മാസം 2000 റിയാല്‍ തൊഴില്‍ രഹിത വേതനം വിതരണം ആരംഭിച്ചത്.

ഗുണഭോക്താക്കള്‍ക്ക് ഒരു വര്‍ഷം ധനസഹായം വിതരണം ചെയ്യും. ഇതിനിടെ തൊഴില്‍ കണ്ടെത്തുന്നതിന് മന്ത്രാലയവും വിവിധ ഏജന്‍സികളും സഹായം നല്‍കും. തൊഴില്‍ രഹിതര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും വായ്പ അനുവദിക്കുന്നതിനും വിവിധ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഒരു വര്‍ഷത്തിനകം തൊഴില്‍ നേടാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക ധനസഹായം വിതരണം ചെയ്യുന്ന പദ്ധതിയും മന്ത്രാലയം ആവിഷ്‌കരിച്ചിരുന്നു.

തൊഴില്‍ രഹിതരായ 1.58 ലക്ഷം ഉദ്യോഗാര്‍ഥികളാണ് വേതനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളത്. ഒരു വര്‍ഷം കഴിഞ്ഞും തൊഴില്‍ നേടാന്‍ കഴിയാത്ത 1.41 ലക്ഷം ഉദ്യോഗാര്‍ഥികളും തൊഴില്‍ രഹിത വേതനത്തിന് അര്‍ഹരാണ്. ഇവര്‍ക്ക് കഴിഞ്ഞ മാസം 45.8 കോടി റിയാല്‍ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More