എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടതായി ആരോപണം; ജനകീയ മുന്നണി കാസര്‍ഗോഡ് കളക്ടേറ്റിലേക്ക് മാര്‍ച്ച് നടത്തി

എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം എടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നാരോപിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍ഗോഡ് കളക്ടേറ്റിലേക്ക് മാര്‍ച്ച് നടത്തി. സെല്‍ യോഗത്തില്‍ മന്ത്രിയെടുത്ത തീരുമാനമാണ് അട്ടിമറിക്കപ്പെട്ടതെന്നും തീരുമാനം അട്ടിമറിച്ച ജില്ലാ കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂണ്‍ 15നാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനം റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചത്.
ജൂണ്‍ 25 മുതല്‍ ജൂലൈ 9 വരെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്നും ഹര്‍ത്താല്‍ ദിനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്കു മാത്രമല്ല ആര്‍ക്കും ക്യാമ്പില്‍ വരാമെന്നുമായിരുന്നു പ്രഖ്യാപനം.
എന്നാല്‍ പിന്നീട് തീരുമാനം മാറി. ജൂണ്‍ 25 മുതല്‍ നടക്കുന്നത് ഭിന്നശേഷിക്കാര്‍ക്കുള്ള ക്യാമ്പായി മാറി. സെല്‍ തീരുമാനം അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ ജില്ലാ കലക്ടറുടെ താല്പര്യമാണെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആരോപണം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് ഒരു ദിവസം മാത്രമായി ചുരുക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ എടുത്ത തീരുമാനം അട്ടിമറിച്ച ജില്ലാ കലക്ടറെ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നും കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ ദുരിതബാധിതര്‍ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here