ഇറാനെതിരെ ശക്തമായ താക്കീതുമായി ട്രംപ്

ഇറാനെതിരെ ശക്തമായ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ കരുതിയിരിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. യുറേനിയം സംമ്പുഷ്ടീകരണ പരിധി ലംഘിക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിനെതിരെയാണ് ട്രംപ് ശക്തമായ ഭാഷയില്‍ രംഗത്തെത്തിയത്.

2015 ലെ ആണവകരാര്‍ ഒബാമ ഭരണകൂടത്തിന്റെ മണ്ടന്‍ തീരുമാനമായിരുന്നു. കരാര്‍ എത്രയും പെട്ടെന്ന് ഇല്ലാതെയാവുമെന്നും ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍ തെറ്റായ കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, ആണവായുധം നിര്‍മ്മിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും താക്കീത് ചെയ്തു. നേരത്തേ യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ട് പോയാല്‍ ഇറാനെതിരെയുള്ള ഉപരോധം ശക്തമാക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് യുറേനിയം സമ്പുഷ്ടീകരണ പരിധി ലംഘിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്. ആണവകരാറില്‍ നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറിയ പശ്ചാത്തലത്തില്‍ ബദല്‍ കരാറുണ്ടാക്കണമെന്ന് ഇറാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി അനുവദിച്ച 60 ദിവസത്തെ സമയ പരിധി അവസാനിച്ചതോടെയായിരുന്നു ഇറാന്റെ പ്രഖ്യാപനം.അതേസമയം കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ ആണവകരാര്‍ സംരക്ഷിക്കുന്നതില്‍ മറ്റ് രാജ്യങ്ങള്‍ പരാജയപ്പെട്ടെന്നും ഇറാന്‍ കുറ്റപ്പെടുത്തി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top