അനുവദിച്ച പരിധി ലംഘിച്ചു; ഇറാന്‍ വീണ്ടും യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു

വന്‍ശക്തികളുമായി ഉണ്ടാക്കിയ ആണവകരാര്‍ ലംഘിച്ച് ഇറാന്‍ വീണ്ടും യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു. അനുവദനീയമായ 3.67 ശതമാനം ഗ്രേഡ് മറികടന്ന് 4.5 ശതമാനം ഗ്രേഡില്‍ സമ്പുഷ്ടീകരണം ആരംഭിച്ചതായാണ് ഇറാന്‍ അറിയിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനിയും കരാറില്‍നിന്ന് പിന്നോട്ടു പോകുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്കി.

യുറേനിയം സമ്പുഷ്ടീകരണം 4.5 ശതമാനം ഗ്രേഡില്‍ ആയതോടെ രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ മുഴുവന്‍ നികത്താനാകുമെന്നാണ് ഇറാന്‍ കരുതുന്നത്. കരാര്‍ മറികടന്ന് ഇറാന്‍ അണ്വായുധം നിര്‍മിക്കാന്‍ ശ്രമിക്കുമോയെന്ന ഭീതിയിലാണ് പക്ഷേ പാശ്ചാത്യരാജ്യങ്ങള്‍.

ഇറാന്‍ സൂക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാനെതിരേ കൂടുതല്‍ ഉപരോധങ്ങളും ഒറ്റപ്പെടുത്തലും വര്‍ധിപ്പിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ സമയം ഇറാന്റെ പുതിയ നീക്കത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ചൈന രംഗത്തെത്തി. യുഎസിന്റെ ഭീഷണിയും സമ്മര്‍ദവുമാണ് ഇറാനെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നായിരുന്നു ചൈനയുടെ പ്രതികരണം. കരാര്‍ പാലിക്കാന്‍ ഇറാന്‍ തയാറാകണമെന്ന് യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു.

ഇറാന്റെ ആണവപദ്ധതികള്‍ നിയന്ത്രിക്കാനായി 2015ല്‍ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈ എടുത്ത് രൂപികരിച്ച കരാറാണ് തുടര്‍ച്ചയായി രണ്ടാം തവണ ഇറാന്‍ ലംഘിക്കുന്നത്. കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറില്‍നിന്നു പിന്മാറുകയും ഉപരോധം ചുമത്തുകയും ചെയ്തതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഉപരോധം മൂലം എണ്ണക്കച്ചവടം മുടങ്ങിയ ഇറാന്‍ കടുത്ത സാന്പത്തികപ്രതിസന്ധിയിലാണ്.

അമേരിക്ക പിന്മാറിയെങ്കിലും ബാക്കിയുള്ളവര്‍ കരാര്‍ സംരക്ഷിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഎസിന്റെ ഉപരോധം മറികടന്ന് ഇറാന്റെ എണ്ണ വാങ്ങാന്‍ ആരും തയാറായില്ല. ഓരോ രണ്ടുമാസം കൂടുമ്പോഴും കരാറില്‍ നിന്നു കൂടുതല്‍ കൂടുതല്‍ പിന്നോട്ടു പോകാനാണ് ഇറാന്റെ തീരുമാനം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top