സ്പീക്കർക്കെതിരെ കർണാടകത്തിലെ വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു

കർണാടക സ്പീക്കർക്കെതിരെ വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു. രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമത എംഎൽഎമാർ ഹർജി നൽകിയിരിക്കുന്നത്. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഭരണപക്ഷത്ത് നിന്നും രാജിവച്ച 13 എംഎൽഎമാരിൽ എട്ട് പേരുടെ രാജി നിയമപ്രകാരമല്ലെന്ന് കർണാടക സ്പീക്കർ കെ.ആർ രമേഷ് കുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Read Also; കർണാടക പ്രതിസന്ധി; എംഎൽഎമാരെ കാണാനെത്തിയ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് തടഞ്ഞു
രാജിവയ്ക്കുന്നവർ നേരിട്ടെത്തണമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിനെതിരെയാണ് വിമത എംഎൽഎമാർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചത്. പത്ത് വിമത എംഎൽഎമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് മുന്നിൽ വിഷയം അവതരിപ്പിച്ചു. രാജി വൈകിപ്പിക്കാനാണ് സ്പീക്കറുടെ ശ്രമം. അടിയന്തരമായി വിഷയം പരിഗണിക്കണമെന്നും മുകുൾ റോത്തഗി ആവശ്യപ്പെട്ടു. വിഷയം നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് ഉറപ്പുനൽകി. രാജിവയ്ക്കാനുണ്ടായ സാഹചര്യവും വിമത എംഎൽഎമാർ ഹർജിയിൽ വ്യക്‌തമാക്കി.
കുമാരസ്വാമിയുടെ നേതൃത്വത്തിൽ കർണാടകയിൽ ദുർഭരണമാണ് നടക്കുന്നത്. ഒട്ടേറേ അഴിമതി ആരോപണങ്ങൾ സർക്കാരിനെതിരെയുണ്ടായി. അഴിമതിക്കേസിലെ പ്രതികളെ രാജ്യം വിടാൻ അനുവദിച്ചു. പൊതുതാത്പര്യത്തിന് വിരുദ്ധമായ പ്രവൃത്തികളാണ് നടക്കുന്നത്. ഭരണത്തിന് സ്ഥിരതയില്ലെന്നും സഖ്യകക്ഷികൾക്കിടയിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതായും വിമത എംഎൽഎമാർ ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം അനൈക്യമാണെന്നാണ് വിമത എംഎൽഎമാരുടെ പക്ഷം.അതേ സമയം കർണാടകയിലെ വിമത എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിൽ നാടകീയ രംഗങ്ങളാണ് ഇന്ന് രാവിലെ മുതൽ അരങ്ങേറുന്നത്. എംഎൽഎമാരെ കാണാനെത്തിയ കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ മഹാരാഷ്ട്ര പൊലീസ് ഹോട്ടലിന് മുന്നിൽ തടഞ്ഞു.
എംഎൽഎമാരുടെ പരാതിയിലാണ് പൊലീസ് നടപടി. ഇതേ തുടർന്ന് ഹോട്ടലിലെ സുരക്ഷയും വർധിപ്പിച്ചു. ഹോട്ടലിന് പുറത്ത് ശിവകുമാറിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും എത്തിയിരുന്നു. കർണാടകയിൽ കോൺഗ്രസ്-ജനതാദൾ സർക്കാർ പ്രതിസന്ധിയിലായിരിക്കെ ഗവർണറുടെ ഇടപെടലിലൂടെ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here