ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബിജെപി എംഎൽഎയായ പിതാവ് ഭീഷണിപ്പെടുത്തുവെന്ന് മകളുടെ പരാതി

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബിജെപി എംഎൽഎയായ പിതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി മകൾ രംഗത്ത്. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്രയാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയാണ് സാക്ഷി പിതാവിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.

ദളിത് വിഭാഗത്തിൽപ്പെട്ട അജിതേഷ് കുമാർ എന്ന യുവാവും സാക്ഷിയും തമ്മിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. തന്റെയും ഭർത്താവിന്റെയും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും സാക്ഷി ബറേലി എസ്പിയോട് ആവശ്യപ്പെട്ടു. തനിക്കും ഭർത്താവിനും എന്തെങ്കിലും സംഭവിച്ചാൽ പിതാവും സഹോദരനുമായിരിക്കും അതിന് ഉത്തരവാദികളെന്നും സാക്ഷി പറയുന്നു. തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിതാവിനെ ജയിലിൽ അടയ്ക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു.

കുടുംബത്തിന്റെ എതിർപ്പ് മറികടന്നായിരുന്നു സാക്ഷിയും അജിതേഷ് കുമാറും വിവാഹിതരായത്. വിവാഹത്തിന് ശേഷം പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായും തന്നെയും ഭർത്താവിനെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും യുവതി ആരോപിക്കുന്നു.

യുവതിയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പുവരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ആർ.കെ പാണ്ഡെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top