സർക്കാരിനെതിരായ പ്രസ്താവന; കെ കെ ശിവരാമന് സിപിഐ സംസ്ഥാന നിർവാഹക സമിതിയിൽ വിമർശനം

ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് സിപിഐ നിർവാഹക സമിതിയിൽ വിമർശനം. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ സർക്കാരിനെതിരെ നടത്തിയ പ്രസ്താവന അനുചിതമാണെന്നാണ് സമിതിയുടെ കണ്ടെത്തൽ. കെ കെ ശിവരാമന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിലയിരുത്തി.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും വീഴ്ചപറ്റിയെന്ന് ശിവരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ സർക്കാരിനായില്ലെന്നും പൊലീസിനെ ഉപകരണമാക്കി രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പരിധി വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ സിപിഐ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ശിവരാമൻ സർക്കാരിനെ വിമർശിച്ചത്.
ഉരുട്ടിക്കൊലയ്ക്ക് നേതൃത്വം നൽകിയ മുൻ എസ്പിയെ സ്ഥലംമാറ്റി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കിയതു ശരിയായില്ലെന്നും ശിവരാമൻ വിമർശിച്ചിരുന്നു. മുൻ എസ്.പി. കെ.ബി. വേണുഗോപാൽ, കട്ടപ്പന മുൻ ഡിവൈ.എസ്.പി., നെടുങ്കണ്ടം മുൻ എസ്.എച്ച്.ഒ. എന്നിവരുടെ പേരിലും കൊലക്കുറ്റം ചുമത്തണം. എസ്.പി. അറിഞ്ഞാണ് കസ്റ്റഡിയിൽ രാജ്കുമാറിനെ സൂക്ഷിച്ചത്. ഇപ്പോൾ നാട്ടുകാരെ കേസിൽപ്പെടുത്തി തലയൂരാനാണ് പൊലീസ് ശ്രമം. നിഷ്ഠുരവും പൈശാചികവുമായ കസ്റ്റഡി മർദനമാണ് നടന്നതെന്നും ഇതിന് കാലം മാപ്പുപറയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here