അയോധ്യ കേസ്; മധ്യസ്ഥ റിപ്പോർട്ട് ഈ മാസം 18നകം സമർപ്പിക്കണമെന്ന് സുപ്രീംകോടതി

അയോധ്യ ഭൂമിതർക്ക കേസിൽ മധ്യസ്ഥ റിപ്പോർട്ട് ഈ മാസം 18നകം സമർപ്പിക്കണമെന്ന് സുപ്രീംകോടതി. ചർച്ചയിൽ പുരോഗതി ഇല്ലെന്നാണ് റിപ്പോർട്ട് എങ്കിൽ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്ന് കോടതി പറഞ്ഞു. കേസിൽ വേഗത്തിൽ വാദം കേൾക്കണം എന്ന് ആവശ്യം ഉന്നയിച്ച് പരാതിക്കാരനാണ് കോടതിയെ സമീപിച്ചത്.
ഭരണഘടന വരും മുൻപ് തുടങ്ങിയ തർക്കമാണ് അയോധ്യയിലേതെന്ന് ഹർജിക്കാരനായ ഗോപാൽ സിംഗ് വിശാരദ് കോടതിയെ ധരിപ്പിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് പുരോഗതിയില്ലെന്നും ഒത്തുതീർക്കാൻ ബുദ്ധിമുട്ടുള്ള വിഷയമാണിതെന്നും ഹർജിക്കാരൻ വാദിച്ചു. കോടതി വാദം കേട്ട് തീർപ്പു കൽപ്പിക്കണം. വേഗത്തിൽ വാദം കേൾക്കണമെന്നും വിശാരദ് ആവശ്യപ്പെട്ടു. അതേസമയം, മധ്യസ്ഥ സമിതിയെ വിമർശിക്കേണ്ട സമയമല്ലിതെന്നായിരുന്നു സുന്നി വഖഫ് ബോർഡിന്റെ വാദം.
മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് ഇതിന് മറുപടി നൽകി. മധ്യസ്ഥ സമിതിയെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ വിശദമായ വാദം കേൾക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. ജൂലൈ 25 ന് കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാർച്ച് എട്ടിനാണ് അയോധ്യ കേസിൽ മധ്യസ്ഥ സമിതി രൂപീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. എഫ് എം ഖഫീലുള്ളയെ കൂടാതെ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു, യോഗാചാര്യൻ ശ്രീ ശ്രീ രവിശങ്കരാണ് സമിതി അംഗങ്ങൾ. അയോധ്യ ഭൂമി തർക്ക വിഷയത്തിൽ മൂന്നംഗ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ നിർമ്മോഹി അഘാര, സുന്നി വഖഫ് ബോർഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവർക്ക് തുല്യമായി വീതിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് കോടതി സമതിയെ നിയോഗിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here