ബാലഭാസ്‌ക്കറിന്റെ മരണം; രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറായി

ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറായി. പത്തോളം സാക്ഷികളുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ബാലഭാസ്‌ക്കറിനെ ജ്യൂസ് കടയിൽ കണ്ടവരുടെ രഹസ്യമൊഴിയെടുക്കും. രക്ഷാപ്രവർത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴി രേഖപ്പെടുത്താനും തീരുമാനമായി. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം നുണപരിശോധനയിൽ തീരുമാനമെടുക്കും.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കൾ പ്രതിയായതോടെയാണ് അപകട മരണം പുതിയൊരു തലത്തിലേക്ക് മാറിയത്. ബാലഭാസ്‌ക്കറിന്റെ മരണവും സ്വർണ്ണക്കടത്തും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഡിആർഐയുടെ കസ്റ്റഡിയിലുള്ള ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയേയും വിഷ്ണു സോമസുന്ദരത്തേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ബാലഭാസ്‌ക്കറിന്റെ വാഹനം അപടകത്തിൽപ്പെട്ടത് പുനസൃഷ്ടിക്കുകയും ചെയ്തിരുന്നു. ബാലഭാസ്‌ക്കറിന്റേത് അപകടമരണം തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.
2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്‌ക്കറിനും കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റത്. കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ രണ്ടാം തീയതി ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here