റഷ്യയുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്- 400 ന്റെ ആദ്യ ഭാഗങ്ങള്‍ തുര്‍ക്കിയിലെത്തി

റഷ്യയുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്- 400 ന്റെ ആദ്യ ഭാഗങ്ങള്‍ തുര്‍ക്കിയിലെത്തി. അമേരിക്കയുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് തുര്‍ക്കി റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ സംവിധാനം വാങ്ങുന്നത്. തുര്‍ക്കിയുടെ നടപടി അമേരിക്കയുമായുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

തുര്‍ക്കി തലസ്ഥാനനഗരമായ അങ്കാറക്കടുത്തുള്ള വ്യോമകേന്ദ്രത്തില്‍ റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400ന്റെ ആദ്യ ഭാഗങ്ങള്‍ എത്തിയ വിവരം തുര്‍ക്കി പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. ഒക്ടോബറോടെ മിസൈല്‍ വേധ സംവിധാനം പൂര്‍ണ സജ്ജമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നാറ്റോ സഖ്യ രാജ്യം കൂടിയായ തുര്‍ക്കി അമേരിക്കയുടെ അന്ത്യശാസനം മറിക്കടന്നാണ് റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നത്. ഇത് അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തില്‍ കടുത്ത വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. റഷ്യയുടെ എസ് 400 സംവിധാനം വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോയാല്‍ തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയില്‍ നിന്ന് തുര്‍ക്കി വാങ്ങുന്ന എഫ് 35 യുദ്ധ വിമാന ഇടപാട് തടയുമെന്നും തുര്‍ക്കി പൈലറ്റുമാര്‍ക്ക് നല്‍കുന്ന പരിലീലനം അവസാനിപ്പിക്കുമെന്നുമായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി.

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണ് എസ് 400. അമേരിക്കയുടെ എഫ് 35 പോര്‍വിമാനങ്ങളെ വരെ തകര്‍ക്കാനാക്കുമെന്നതും എസ് 400 ന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. തുര്‍ക്കി റഷ്യയുമായി പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ എഫ് 35 പോര്‍വിമാനത്തിന്റെ രഹസ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More