പാലാരിവട്ടം മേൽപ്പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന

പാലാരിവട്ടം മേൽപ്പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യൽ നടക്കും.
തൃശ്ശൂർ എൻജിനീയറിംഗ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗം പ്രൊഫസർമാരുടെ സഹകരണത്തോടെയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു തെളിവെടുപ്പ്. പില്ലറുകളിലെ വിള്ളൽ, പ്രൊഫൈൽ കറക്ഷനിലെ വീഴ്ച, നിർമാണ സാമഗ്രികളുടെ ഉപയോഗം എന്നിവ സംബന്ധിച്ചാണ് പരിശോധന നടന്നത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. തെളിവെടുപ്പ് പൂർണമായും പൂർത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യൽ നടക്കും. കിറ്റ്കോ, ആർബിഡിസികെ ഉദ്യോഗസ്ഥർ, കരാറുകാരൻ, ഡിസൈനർ തുടങ്ങി 17 പേർ വിജിലൻസിന്റെ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലുണ്ട്.
നേരത്തെ ഇ.ശ്രീധരൻ, ചെന്നൈ ഐഐടിയിൽ നിന്നുള്ള വിദഗ്ധർ, മറ്റ് ചില ഏജൻസികൾ തുടങ്ങിയവർ പാലത്തിൽ പരിശോധന നടത്തിയിരുന്നു. പാലം പൂർണമായും പുതുക്കിപ്പണിയണമെന്ന നിർദേശമാണ് ഏവരും മുന്നോട്ടുവെച്ചത്. ഗതാഗതയോഗ്യമല്ലാത്ത വിധം അപകടാവസ്ഥയിലാണ് പാലമെന്നാണ് കണ്ടെത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here