ആലുവയിൽ വൻ കവർച; 30 ലക്ഷത്തോളം രൂപ വില വരുന്ന ആഭരണങ്ങളും പണവും കവർന്നു

ആലുവയിൽ വൻ കവർച. വീട്ടുകാർ പുറത്ത് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 30 ലക്ഷത്താളം രൂപ വിലവരുന്ന ആഭരണങ്ങളും പണവും കവർന്നു. ആലുവ തോട്ടക്കാട്ടുകര കോൺവന്റിന് സമീപം പൂലണലിൽ ജോർജ് മാത്യുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
20 പവൻ സ്വർണം, 25 ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങൾ, യൂറോയും, ഡോളറുകളുമടക്കം 30 ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് കവർച ചെയ്തത്. വീട്ടിലുണ്ടായിരുന്ന വളർത്ത് നായയെ മയക്കിയ ശേഷമാണ് കവർച നടത്തിയതെന്ന് കരുതുന്നു. മുറിയിലെ മര അലമാര തകർത്ത് ലോക്കർ പൊളിച്ചാണ് ആഭരണങ്ങൾ എടുത്തത്. വിദേശത്തായിരുന്ന വീട്ടുകാർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആഭരണങ്ങൾ ബാങ്കിൽ നിന്നെടുത്തത്. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ഇന്നലെ വൈകിട്ട് 6.30നും 11:30നുമിടക്കാണ് കവർച്ച നടന്നത്. ജോർജ് മാത്യുവും കുടുംബവും എറണാകുളത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത് രാത്രി പതിനൊന്നരയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here