ആദിവാസി കുടുംബങ്ങൾക്ക് വീട് വെച്ചു നൽകാമെന്നു പറഞ്ഞ് വഞ്ചിച്ചുവെന്ന് പരാതി; നേരിട്ടു ഹാജരാവാൻ ആവശ്യപ്പെട്ട് മഞ്ജുവിനു നോട്ടീസ്

വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ നേരിട്ടു ഹിയറിങ്ങിനു ഹാജരാവണമെന്ന് ജില്ലാ ലീഗര്‍ സര്‍വീസ് അതോറിറ്റി. തിങ്കളാഴ്ച ഹാജരാവാനാണ് ഡിഎല്‍എസ്എ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുൻ ഹിയറിങ്ങുകളിലൊന്നും മഞ്ജു ഹാജരായിരുന്നില്ല.
പനമരം പഞ്ചായത്തിലെ പരക്കുനിയിലെ പണിയ വിഭാഗത്തിൽ പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വെച്ച് നൽകാമെന്നായിരുന്നു മഞ്ജുവിൻ്റെ വാഗ്ദാനം. 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയിരുന്നു. ഇത് സംബന്ധിച്ച് 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കി. പ്രാരംഭ പ്രവർത്തനമെന്നോണം മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലസര്‍വെ നടത്തിയിരുന്നു. പദ്ധതി പനമരം പഞ്ചായത്ത് ഭരണസമിതിയോഗം അംഗീകരിച്ചു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ യാതൊന്നും ചെയ്യാതെ മഞ്ജു വാര്യർ ഫൗണ്ടേഷൻ പിൻവാങ്ങുകയായിരുന്നു.
പ്രളയത്തില്‍ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വീടു നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനമെടുത്തിരുന്നതായി ആദിവാസി കുടുംബങ്ങള്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here