മദ്യം വാങ്ങാൻ പണമില്ല; ചികിത്സാച്ചെലവെന്ന വ്യാജേന പണപ്പിരിവ് നടത്താൻ ശ്രമം; മദ്യപ സംഘം പിടിയിൽ

മദ്യം വാങ്ങാൻ പണമില്ലാത്തതിനെത്തുടർന്ന് പരേതൻ്റെ പേരിൽ ചികിത്സാ സഹായമെന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഘം പിടിയിൽ. കോട്ടയത്താണ് സംഭവം. വീടുകൾ കേറി ചികിത്സാ സഹായമെന്ന പേരിൽ പണപ്പിരിവ് നടത്തിയ സംഘത്തെയാണ് നാട്ടുകാർ പിടികൂടിയത്.
ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് കോട്ടയം വാഴൂർ ചാമംപതാലിലെ വീടുകളിലാണ് കങ്ങഴ സ്വദേശികളായ ഒരു സംഘം ആളുകൾ പണപ്പിരിവ് നടത്തിയത്. 6 മാസം മുന്‍പ് മരിച്ചു പോയ ഭിന്നശേഷിക്കാരനായ യുവാവിന്റെ ശസ്ത്രക്രിയയ്ക്കെന്ന പേരിലായിരുന്നു പണപ്പിരിവ്. ഇന്ന് എറണാകുളത്തെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ ഉണ്ടെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് കട്ടിലില്‍ കിടക്കുന്ന പടം വരെ കാണിച്ചാണ് സംഘം പിരിവ് നടത്തിയത്. പിരിവ് നടത്തുന്നതിനിടയില്‍ ഒരു വീട്ടില്‍ നിന്നു നല്‍കിയ തുക കുറഞ്ഞു പോയതിനെ ഇവർ ചോദ്യം ചെയ്തതാണ് സംശയത്തിനിടയാക്കിയത്.
ഉടൻ തന്നെ വീട്ടുടമ വാഴൂര്‍ പഞ്ചായത്തംഗം റംഷാദ് റഹ്മാനെ ഫോണില്‍ വിവരം അറിയിച്ചു. പഞ്ചായത്തംഗം എത്തി ചോദ്യം ചെയ്തപ്പോള്‍ കങ്ങഴയിലാണ് വീടെന്ന് സംഘം വെളിപ്പെടുത്തി. തുടര്‍ന്ന് റംഷാദ് കങ്ങഴ പഞ്ചായത്തംഗത്തെ ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് സഹായം ആവശ്യമുള്ള യുവാവ് 6 മാസം മുന്‍പേ മരിച്ചു പോയതാണെന്നും മദ്യം വാങ്ങാനാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നതെന്നുമുള്ള വിവരം പുറത്തറിഞ്ഞത്.
തട്ടിപ്പ് പുറത്തായതോടെ മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മദ്യ ലഹരിയിലായിരുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞു വച്ച് പള്ളിക്കത്തോട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും പരാതി ഇല്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here