ഇന്ത്യൻ ടീമിൽ പടലപ്പിണക്കം; കോലി, രോഹിത് വിഭാഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളെന്ന് ദൈനിക് ജാഗരന്റെ റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീം കോലി, രോഹിത് എന്നീ രണ്ട് സഖ്യങ്ങളായി തിരിഞ്ഞിരിക്കുകയാണെന്ന് റിപ്പോർട്ട്. കോലി സഖ്യത്തിൽ പെട്ടവർക്ക് മാത്രമാണ് ടീമിൽ ഇടം ലഭിക്കുന്നതെന്നും ബാക്കിയുള്ളവരെ തഴയുകയാണെന്നും ഹിന്ദി ദിനപത്രം ദൈനിക് ജാഗരൻ റിപ്പോർട്ട് ചെയ്യുന്നു.
രോഹിതും ബുംറയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് ടീമിൽ തുടരുന്നതെന്നും കോലിക്ക് ഇഷ്ടമല്ലാത്തതു കൊണ്ടാണ് റായുഡു ടീമിൽ ഉൾപ്പെടാതിരുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലോകേഷ് രാഹുൽ കോലിക്ക് പ്രിയപ്പെട്ട ആളായതു കൊണ്ടാണ് മോശം പ്രകടനങ്ങൾ തുടർന്നാലും ടീമിൽ ഇടം നേടുന്നതെന്നും പത്രം പറയുന്നു. കോലി, ശാസ്ത്രി എന്നിവരിൽ ഒരു വിഭാഗം താരങ്ങൾ അതൃപ്തരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഒപ്പം, കുൽദീപ്, ചഹാൽ എന്നിവരിൽ ചഹാലാണ് കോലിയുടെ ഗുഡ് ബുക്കിൽ ഉള്ളതെന്നും ഇവർ രണ്ടു പേരും മോശം പ്രകടനം നടത്തിയാലും കുൽദീപിനെ മാത്രമാണ് കോലി മാറ്റി നിർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശീലകന്‍ രവി ശാസ്ത്രിയിലും, ബൗളിങ് കോച്ച് ഭരത് അരുണിലും ടീം അംഗങ്ങളിൽ ഒരു വിഭാഗം അതൃപ്തരാണ്. ശാസ്ത്രി, ഭരത് അരുണ്‍ എന്നിവരുടെ അഭിപ്രായം മാത്രമാണ് കോലി കണക്കിലെടുക്കാറ് എന്നും വാര്‍ത്തയില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here