വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാനവവിഭവശേഷി വകുപ്പുമായി ബന്ധിപ്പിക്കണോ ? വിശദീകരണവുമായി കേന്ദ്രം

വിദ്യാർത്ഥികൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവ് ഏറെ വിവാദമായിരുന്നു. നിരവധി പേരാണ് ഇതിനെ എതിർത്ത് രംഗത്തെത്തിയത്. ഇതിന് പിന്നാലെ നിലപാട് മയപ്പെടുത്തി മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. വിദ്യാർത്ഥികളും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മന്ത്രാലയവുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്നാണ് പുതിയ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് മാനവവിഭവശേഷി വകുപ്പിന്റെ ഉത്തരവ് പുറത്ത് വരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ വിദ്യാർത്ഥികളുടേയും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയടങ്ങുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾ മന്ത്രാലയവുമായി ബന്ധിപ്പിക്കണമെന്നും ഇതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു എസ്എംസിയെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വിദ്യാർത്ഥികൾ ചെയ്യുന്ന നല്ല കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറയിക്കാനാണ് ഈ നീക്കമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലേയും എസ്എംഎസികൾ നടപ്പിലാക്കേണ്ട ചുമതലകൾ ഇവയാണ് :
1. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ ട്വിറ്റർ/ഫേസ്ബുക്ക്/ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തുടങ്ങണം.
2. മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഈ അക്കൗണ്ടുകൾ ബന്ധിപ്പിക്കണം. മാത്രമല്ല എംഎച്ആർഡിയുടെ ട്വിറ്റർ/ഫേസ്ബുക്ക്/ഇൻസ്റ്റഗ്രാം അക്കൗണ്ടുമായും ഇത് ബന്ധിപ്പിക്കണം.
3. എല്ലാ വിദ്യാർത്ഥികളുടേയും ട്വിറ്റർ/ഫേസ്ബുക്ക്/ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ അതത് വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും എംഎച്ച്ആർഡിയുമായും ബന്ധിപ്പിക്കണം.
4. എല്ലാ ആഴ്ച്ചയും സ്ഥാപനമോ, അവിടുത്തെ വിദ്യാർത്ഥികളോ ആയി ബന്ധപ്പെട്ട ഒരു നല്ല വാർത്തയെങ്കിലും പോസ്റ്റ് ചെയ്യണം.
5. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നല്ല വാർത്തകൾ റീട്വീറ്റ് ചെയ്യുക.
ജൂലൈ 31 ഓടെ എസ്എംസിയെ നിയോഗിക്കാനും ചുമതലകൾ നടപ്പാക്കിത്തുടങ്ങാനുമായിരുന്നു നിർദ്ദേശം. എന്നാൽ നിരവധി പേരാണ് നടപടിക്കെതിരെ രംഗത്തെത്തിയത്. നടപടി പരിഹാസ്യമാണെന്നും വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നും ജെഎൻയു പ്രൊഫസർ അയിഷ കിഡ്വായ് പറഞ്ഞു.
പ്രതിഷേധം കനത്തതോടെ നിലപാട് മയപ്പെടുത്തി മന്ത്രാലയം രംഗത്തെത്തി. വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എംഎച്ആർഡിയുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്ന് മന്ത്രാലയം ദി ക്വിന്റിനോട് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here