എറണാകുളം ജില്ലയിൽ പകർച്ചപ്പനി പടരുന്നു; പതിമൂവായിരത്തിലേറെ പേർക്ക് ഇതുവരെ പനി സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ പകർച്ചപ്പനി പടരുന്നു. വിവിധ മേഖലകളിലായി പതിമൂവായിരത്തിലേറെ പേർക്ക് ഇതുവരെ പനി സ്ഥിരീകരിച്ചു. എച്ച്1എൻ1, ഡെങ്കി ഉൾപ്പെടെ ബാധിച്ചവരെ വിവിധ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
എച്ച്1എൻ1 ബാധിച്ച രണ്ട് പേരും ഡെങ്കിപ്പനി സ്ഥിരീകരിച്ച 30 പേരും എലിപ്പനിയുമായി രണ്ട് പേരും ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അങ്കമാലി, ആലുവ, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, കടവന്ത്ര, പെരുമ്പാവൂർ തുടങ്ങി ജില്ലയിലെ ഇരുപതിലേറെ സ്ഥലങ്ങളിൽ നിന്നുള്ളവർക്കാണ് പനിബാധ.
108 പേർക്ക് കൂടി ഡെങ്കിപ്പനിയും15 പേർക്ക് എലിപ്പനിയും നിലവിൽ സംശയിക്കുന്നുണ്ട്. ആലുവ ജില്ലാ ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ആറ് പേർക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. അങ്കമാലി, പെരുമ്പാവൂർ താലൂക്ക് ആശുപത്രികളിൽ നിന്നും കൂടുതൽ പേരെ ആലുവജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നുണ്ട്. ജില്ലാ ആശുപത്രി ലാബിലും കൊച്ചി പബ്ലിക് ഹെൽത്ത് ലാബിലും രക്തപരിശോധന നടത്തിയാണ് ഡെങ്കിപ്പനി നിലവിൽ തിരിച്ചറിയുന്നത്.
അതേസമയം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അറുപതിലേറെ പേർ ഡെങ്കി ലക്ഷണവുമായി ചികിത്സ തേടിയിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയ രണ്ടായിരത്തോളം പേരിൽ 1500 കേസുകളും പനി ബാധിതരായിരുന്നു. ചില സ്വകാര്യ ആശുപത്രികളിലും പനിബാധിതർ ചികിത്സ തേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here