Advertisement

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; എട്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

July 14, 2019
Google News 0 minutes Read

യൂണിവേഴ്‌സിറ്റി കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളിൽ പ്രതികളായ എട്ട് പേർക്ക് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിപരിക്കേൽപ്പിച്ച ഒന്നാം പ്രതി ശിവരഞ്ജിത്ത് രണ്ടാം പ്രതിയും കോളേജ് യൂണിയൻ പ്രസിഡന്റുമായിരുന്ന നസീം, അദ്വൈത്, അമർ, ഇബ്രാഹിം, ആരോമൽ, ആദിൽ, രഞ്ജിത് എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. പ്രതികളുടെ വീടുകളിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സംഭവം നടന്ന് രണ്ട് ദിവസം കഴിയുമ്പോഴും പ്രതികളായ എസ്എഫ്‌ഐ പ്രവർത്തകർ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളുണ്ടെന്ന് സംശയിക്കുന്ന പിഎംജി സെന്ററിലും ഹോസ്റ്റലുകളിലും പൊലീസിന് ഇതുവരെ റെയ്ഡ് നടത്താൻ സാധിച്ചിട്ടില്ല. റെയ്ഡിനെത്തിയ പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലം മടങ്ങിപ്പോയതായാണ് വിവരം.

അതേസമയം, കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് പിടിയിലായി. എസ്എഫ്‌ഐ പ്രവർത്തകനായ നേമം സ്വദേശി ഇജാബ് ആണ് പിടിയിലായത്. കേസിൽ പ്രതി ചേർക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരിലൊരാളാണ് ഇജാബ്. അതിനിടെ സംഘർഷത്തിലെ ഒന്നും രണ്ടും പ്രതികൾ പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് സംബന്ധിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷിക്കുക. കേസിലെ ഒന്നാം പ്രതിയും അഖിലിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ശിവരഞ്ജിത്തിന് പിഎസ്‌സി റാങ്ക് പട്ടികയിൽ ഒന്നാം റാങ്കും രണ്ടാം പ്രതി നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്. കൂടുതൽ എസ്എഫ്‌ഐക്കാർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യവും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here