എഴുതാത്ത സർവകലാശാല ഉത്തരക്കടലാസുകളും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടിൽ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ കത്തിക്കുത്തിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ഒന്നും എഴുതാത്ത സർവകലാശാല ഉത്തരക്കടലാസുകളും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും റെയ്ഡിൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
Read Also; യൂണിവേഴ്‌സിറ്റി കോളേജിലെ ക്രിമിനലുകൾ പൊലീസ് സേനയിലെത്താൻ പാടില്ലെന്ന് മന്ത്രി ജി.സുധാകരൻ
ഒന്നും എഴുതാത്ത അമ്പതോളം സർവകലാശാല ഉത്തരക്കടലാസുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ റെയ്ഡിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചു. ഇരുമ്പുകമ്പിയടക്കം ഉപയോഗിച്ചാണ് മാധ്യമപ്രവർത്തകരെ ആക്രമിക്കാനെത്തിയത്.
യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിപരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ശിവരഞ്ജിത്ത്. കേസിലെ എട്ട് പ്രതികൾക്ക് വേണ്ടി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ കേസിലെ മൂന്നും ആറും ഏഴും പ്രതികളായ അദ്വൈത്, ആരോമൽ, ആദിൽ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here