യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; മൂന്ന് പ്രതികൾ കൂടി പിടിയിൽ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കൂടി പൊലീസ് പിടിയിലായി. ആരോമൽ,അദ്വൈത്,ആദിൽ എന്നിവരാണ് പിടിയിലായത്. കോളേജിലെ സംഘർഷത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകൻ അഖിലിനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ പ്രതികളാണിവർ.
Read Also; യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; അഖിലിനെ കുത്തിയതാരാണെന്ന് അറിയില്ലെന്ന് ഇജാബിന്റെ മൊഴി
ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികൾ പിടിയിലായിരിക്കുന്നത്. മൂന്ന് പേരെയും കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകൻ നേമം സ്വദേശി ഇജാബ് നേരത്തെ പിടിയിലായിരുന്നു.
കേസിൽ പ്രതി ചേർക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരിൽ ഒരാളാണ് ഇജാബ്. സംഘർഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നും എന്നാൽ അഖിലിനെ കുത്തിയതാരാണെന്ന് അറിയില്ലെന്നുമാണ് ഇജാബ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ എട്ട് പ്രതികൾക്ക് വേണ്ടിയാണ് പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതിയും കോളേജ് യൂണിയൻ പ്രസിഡന്റുമായ നസീം, അമർ, ഇബ്രാഹിം, രഞ്ജിത് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികളുടെ വീടുകളിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here