യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികൾ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി വധശ്രമക്കേസിൽ പിടിയിലായ മുഖ്യ പ്രതികൾ കുറ്റം സമ്മതിച്ചു.പെട്ടെന്നുണ്ടായ പ്രകോപനമെന്നാണ് ശിവരഞ്ജിത്തിന്റെയും നസീമിന്റെയും വാദം. അതിനിടെ പി.എസ്.സി പോലീസ് റാങ്ക് പട്ടികയിൽ ഇടം നേടിയ പ്രതികളെ ന്യായീകരിച്ച് വാട്ട്സ് ആപ്പിൽ പ്രതികരണം നടത്തിയ പോലീസ് ഓഫീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജുവിന്റെ നടപടി വിവാദമായി. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടത്താനാണ് തീരുമാനം.
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നസീമിനെയും ഇന്നു പുലർച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഒരാഴ്ച്ചയിലധികമായി എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളും അഖിലിന്റെ സംഘവും തമ്മിൽ രൂക്ഷമായ തർക്കം നിലനിന്നിരുന്ന . ക്യാന്റീനിൽ അഖിൽ പാടിയതുമായി ബന്ധപ്പെട്ട വാക്കു തർക്കവും പ്രശ്നങ്ങൾ വശളാക്കി. അഖിലിന്റെ ഭാഗത്തു നിന്നാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് പ്രതികളുടെ വാദം.
സംഭവ ദിവസം പെട്ടെന്നുണ്ടായ പ്രകോപനമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ പെട്ടെന്നുള്ള പ്രകോപനമെന്ന വാദം പോലീസ് വിശ്വസിച്ചിട്ടില്ല. ആസൂത്രിതമായി കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് ദൃക്സാക്ഷി മൊഴികളുണ്ട്. അഖിലിന്റെ മൊഴിയും കേസിൽ ഇനി നിർണ്ണായകമാകും.ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെത്തിയതിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യൽ നടത്താനാണ് പോലീസ് തീരുമാനം. പരാതി ലഭിച്ചാൽ വിഷയത്തിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. അതിനിടെ പി.എസ്.സി പോലീസ് റാങ്ക് പട്ടികയിൽ ഇടം നേടിയ പ്രതികളെ ന്യായീകരിച്ച് വാട്ട്സ് ആപ്പിൽ പ്രതികരണം നടത്തിയ പോലീസ് ഓഫീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജുവിന്റെ നടപടി വിവാദമായി. ഗ്രേസ് മാർക്ക് കിട്ടിയ ഒന്നിലധികം പേർ ഒന്നാം സ്ഥാനത്ത് വന്നിട്ടുണ്ടെന്നും ഇതിനു കാരണം ഗ്രേസ് മാർക്ക് തന്നെയാണെന്നുമായിരുന്നു ബിജുവിന്റെ ന്യായീകരണം.
എന്നാൽ വിഷയത്തിൽ അഭിപ്രായം നടത്തിയിട്ടില്ലെന്നും പ്രചരണം വസ്തുതാ വിരുദ്ധമാണെന്നും സി.ആർ.ബിജു ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിലിന്റെ മൊഴി പോലീസ് നാളെ രേഖപ്പെടുത്തിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here