വിരമിച്ചില്ലെങ്കിലും ധോണിയെ ടീമിൽ നിന്ന് പുറത്താക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നുവെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട്

ഉടനെ വിരമിച്ചില്ലെങ്കിലും മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ടീമിൽ നിന്ന് തെറിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. വിരമിക്കാൻ തയ്യാറായില്ലെങ്കിലും ധോണിയെ ഇനിയും ടീമിൽ ഉൾപ്പെടുത്തുന്നതിനോട് ബിസിസിഐക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. ബിസിസിഐയിലെ ഒരു അംഗത്തെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകകപ്പിനു ശേഷം ധോണി വിരമിക്കുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ അതിൻ്റെ സൂചനകളൊന്നും അദ്ദേഹം നൽകിയിട്ടില്ല. 2020 ടി-20 ലോകകപ്പിനു ശേഷം മാത്രമേ ധോണി വിരമിക്കൂ എന്നും ചില റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. ഇതിനിടെയാണ് ഈ റിപ്പോർട്ട്. വിരമിക്കൽ പദ്ധതികളെപ്പറ്റി ഇന്ത്യൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് ധോണിയോട് സംസാരിക്കുമെന്നും വിരമിക്കാൻ തയ്യാറായില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കും എന്നുമാണ് റിപ്പോർട്ട്.
“ഇതുവരെ അദ്ദേഹം വിരമിക്കാതിരുന്നത് അതിശയമുണ്ടാക്കുന്നു. ഋഷഭ് പന്ത് അടക്കമുള്ള യുവതാരങ്ങൾ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇപ്പോൾ പഴയ പോലെ ഒരു നല്ല ബാറ്റ്സ്മാനല്ല ധോണി. ആറ്, ഏഴ് നമ്പറുകളിലാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതെങ്കിലും ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് റൺനിരക്കുയർത്താൻ അദ്ദേഹത്തിന് ഇപ്പോൾ സാധിക്കുന്നില്ല. ചില മൽസരങ്ങളിൽ ടീമിന്റെ സാധ്യതയെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്തു.”- ബിസിസിഐ അംഗം പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2020 ടി-20 ലോകകപ്പിൽ ധോണി ടീമിൽ ഉണ്ടാവില്ലെന്നും വിൻഡീസ് പര്യടത്തിൽ ധോണിയെ ഉൾപ്പെടുത്താനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ഇനി ഒരിക്കൽ കൂടി ധോണി ഇന്ത്യൻ ടീമിൽ ഉൾപ്പെടാൻ സാധ്യതയില്ലെന്നും വിരാട് കോലിയുടെ ക്യാപ്റ്റൻസിയെപ്പറ്റി പരിശോധന നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here