1983 ലോകകപ്പിൽ കപിലിനും കൂട്ടർക്കും കിട്ടിയ ശമ്പളം വെറും 2100 രൂപ; വൈറലായി പത്രപ്രവർത്തകന്റെ ട്വീറ്റ്

ക്രിക്കറ്റ് ലോകകപ്പ് അവസാനിച്ചു. വളരെ ആവേശകരമായ ഒരു മത്സരത്തിനൊടുവിൽ വിവാദങ്ങളുടെ അകമ്പടിയോടെ അതിഥേയരായ ഇംഗ്ലണ്ട് കിരീടമുയർത്തി. ഇതിനോടൊപ്പം ഭീമമായ തുകയാണ് ഐസിസി ഈ ടൂർണമെൻ്റിലാകെ പ്രൈസ് മണിയായി വിതരണം ചെയ്തത്. ഏകദേശം 69.6 കോടി രൂപ ടൂർണമെൻ്റിൽ പങ്കെടുത്ത മുഴുവൻ ടീമുകൾക്കുമായി ഐസിസി വീതിച്ചു നൽകി. ഇതിൽ 28 കോടിയോളം രൂപ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും അതിൻ്റെ പകുതിയോളം രൂപ റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡിനും ലഭിച്ചു. ഒപ്പം ഗ്രൂപ്പ് മത്സരങ്ങളിലെ ഓരോ വിജയങ്ങൾക്കും മൂന്ന് കോടിയോളം രൂപയും ലഭിച്ചു.
2011 ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാരായപ്പോൾ ഐസിസിയുടെ സമ്മാനത്തുകയ്ക്ക് പുറമേ ഓരോ കളിക്കാരനും ബിസിസിഐ കൊടുത്തത് 2 കോടി രൂപ വീതമാണ്. ഇതൊക്കെയാണ് ഇപ്പോഴത്തെ കണക്ക്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. അതുകൊണ്ട് തന്നെ കളിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും വളരെ അധികമാണ്. എന്നാൽ, മുൻപ് അങ്ങനെയായിരുന്നില്ല. ഇന്ത്യ ആദ്യമായി ലോകകപ്പ് വിജയിച്ചപ്പോൾ ഇന്ത്യൻ കളിക്കാർക്ക് ലഭിച്ച തുകയുടെ കണക്ക് അത് തെളിയിക്കുന്നതാണ്. മകരന്ദ് വൈംഗർക്കർ എന്ന മാധ്യമപ്രവർത്തകൻ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഈ കണക്ക് പുറത്തു വിട്ടത്.
അന്നത്തെ മാച്ച് ഫീ 1500 രൂപയും ഡെയിലി അലവൻസ് 200 രൂപയുമായിരുന്നു. ആകെ 2100 രൂപ. അത് മത്സരമുള്ള ദിവസങ്ങളിൽ മാത്രം. മത്സരമില്ലെങ്കിൽ ഡെയിലി അലവൻസായ 200 രൂപ കൊണ്ട് തൃപ്തിപ്പെടണം. ടീമിലെ കളിക്കാർക്കും മാനേജർ ആയിരുന്ന ബിഷൻ സിംഗ് ബേദിക്കും ഈ പണം ഇങ്ങനെ തന്നെയാണ് ലഭിച്ചു കൊണ്ടിരുന്നത്. ഇന്ത്യയിൽ ക്രിക്കറ്റിനു വേരോട്ടമുണ്ടാവാൻ സഹായിച്ച 1983 ലോകകപ്പ് വിജയത്തിലെ ശില്പികൾ അന്ന് വങ്ങിയിരുന്ന പണം ഇത്ര തുച്ഛമാണെന്നറിഞ്ഞ് ട്വിറ്റർ ലോകം അത്ഭുതം കൂറുകയാണ്.
Each one of them deserve 10 Cr. pic.twitter.com/BzBYSgqit6
— Makarand Waingankar (@wmakarand) July 16, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here