സുപ്രീം കോടതി വിധി; ധാർമ്മിക വിജയമെന്ന് യെദ്യൂരപ്പ, ഓപ്പറേഷൻ താമര പരാജയപ്പെട്ടെന്ന് കോൺഗ്രസ്,അമ്പയറുടെ റോളെന്ന് സ്പീക്കർ

കർണാടകയിൽ എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ രാജിക്കാര്യത്തിലും അയോഗ്യതാ ആവശ്യത്തിലും സ്പീക്കറുടെ നിലപാട് നിർണായകമാകും. ചരിത്ര വിധിയെന്നാണ് കർണാടക സ്പീക്കർ കെ.ആർ രമേഷ് കുമാർ സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്. അമ്പയറുടെ റോളാണ് തനിക്കെന്നും നിഷ്പക്ഷമായി പ്രവർത്തിക്കുമെന്നും സ്പീക്കർ പ്രതികരിച്ചു.
Read Also; കർണാടക എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി
വിശ്വാസ വോട്ടിൽ പങ്കെടുക്കാൻ എംഎൽഎമാരെ നിർബന്ധിക്കില്ലെന്നും സുപ്രീം കോടതി വിധി പാലിക്കുമെന്നും സ്പീക്കർ കെ.ആർ രമേഷ് കുമാർ വ്യക്തമാക്കി. അതേ സമയം ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സർക്കാർ രാജിവെയ്ക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ വിധി ധാർമ്മിക വിജയമാണെന്ന് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ പ്രതികരിച്ചു.
Read Also; കർണാടകയിൽ അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ 2 കോൺഗ്രസ് എംഎൽഎമാരോട് സ്പീക്കർ
എന്നാൽ സുപ്രീം കോടതി വിധിയോടെ ബിജെപിയുടെ ഓപ്പറേഷൻ താമര പരാജയപ്പെട്ടെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. അയോഗ്യതാ ഭീഷണി കണക്കിലെടുത്ത് ചില എംഎൽഎമാരെങ്കിലും ഒപ്പം വന്നേക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യം. ഇന്നത്തെ സുപ്രീം കോടതി വിധിയെ തുടർന്ന് പുതിയ രാഷ്ട്രീയ നീക്കങ്ങളും കർണാടകയിൽ സജീവമായിട്ടുണ്ട്. നാളെയാണ് കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്നും ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here