ഇടതുമുന്നണി യോഗം ഇന്ന്

യൂണിവേഴ്‌സിറ്റി കോളജ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും. വിവാദത്തിന്റെ പേരില്‍ സി.പി.ഐഎമ്മിന്റേയും സി.പി.ഐയുടേയും വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നതിനിടെയാണ് യോഗം. വൈകിട്ട് മൂന്നിന് തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ ചേരുന്ന യോഗത്തില്‍ ഘടകകക്ഷികളുടെ അമര്‍ഷം മറനീക്കിയേക്കും.
എസ്.എഫ്.ഐക്ക് ആധിപത്യമുള്ള ക്യാംപസുകളില്‍ തങ്ങളുടെ വിദ്യാര്‍ഥി സംഘടനക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലെന്ന ആക്ഷേപം കാലങ്ങളായി സി.പി.ഐക്കുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും തുടര്‍വിവാദവും ഈ ആവശ്യം ശക്തമായി ഉന്നയിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്ന പരാതി കാനം രാജേന്ദ്രന്‍ തന്നെ പരസ്യമായി ഉന്നയിച്ചിരുന്നു. വിവാദത്തിനിടെ എ.ഐ.എസ്.എഫ് യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കുകയും, എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സജീവമാകുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടേക്കാം. പുതിയ സംഭവവികാസങ്ങളില്‍ മറ്റുഘടകകക്ഷികള്‍ക്കും അമര്‍ഷമുണ്ടെങ്കിലും, യോഗത്തില്‍ ഉന്നയിക്കുമോ എന്ന് ഉറപ്പില്ല.
കേസില്‍ പ്രതികളായ പ്രവര്‍ത്തകരെ പുറത്താക്കുകയും, പൊലീസ് നടപടികള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നായിരിക്കും സി.പി.ഐ.എമ്മിന്റെ വിശദീകരണം. നെടുങ്കണ്ടം കസ്റ്റഡി മരണവും മുന്നണിയോഗം പരിഗണിച്ചേക്കാം. പൊലീസ് നിരന്തരം വിവാദങ്ങളില്‍ പെടുന്ന സാഹചര്യത്തിലും ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. പ്രളയപുനര്‍നിര്‍മാണം, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ എന്നിവയും മുന്നണി യോഗത്തില്‍ ചര്‍ച്ചയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here