കോലിക്ക് വിശ്രമമില്ല; ബുംറയും പാണ്ഡ്യയും കളിക്കില്ല: റിപ്പോർട്ട്

വിൻഡീസ് പര്യടനത്തിൽ ക്യാപ്റ്റൻ വിരാട് കോലി കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വിരാട് കോലി തന്നെ ടീമിനെ നയിക്കുമെന്ന് റിപ്പോർട്ട് ചെയ്തത്. അതേ സമയം, ജസ്പ്രീത് ബുംറയ്ക്കും ഹർദ്ദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷത്തെ പോലെ തുടർച്ചയായി മത്സരങ്ങൾ ഇല്ലെന്നും അതുകൊണ്ട് തന്നെ തനിക്ക് വിശ്രമം ആവശ്യമില്ലെന്നും കോലി തന്നെ ബിസിസിഐയോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്. വിൻഡീസ് പര്യടനത്തിനു ശേഷം ഇന്ത്യക്ക് ഹോം മത്സരങ്ങളാണ് ഈ വർഷം ഉള്ളത്. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ന്യൂസിലൻഡ് പര്യടനമാണ് ഇന്ത്യയുടെ അടുത്ത വിദേശ ടൂർ.
അതേ സമയം, ഐപിഎല്ലിലും ലോകകപ്പിലും തുടർച്ചയായി പന്തെറിഞ്ഞ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കും. പുറം വേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചേക്കും. ലോകകപ്പിനിടെ പരിക്കേറ്റ ശിഖർ ധവാൻ, വിജയ് ശങ്കർ എന്നിവരുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here