യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസ് ചോർച്ച; സിൻഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും

കത്തിക്കുത്ത് കേസിലെ പ്രതിയായ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തിയതിനെപ്പറ്റി സിൻഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഉത്തരക്കടലാസുകൾ വ്യാജമല്ലെന്ന് പരീക്ഷാ കൺട്രോളർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉത്തരക്കടലാസുകൾ ക്രമനമ്പറിൽ തന്നെയുള്ളതാണെന്നും യൂണിവേഴ്‌സിറ്റി കോളേജ് കൈപ്പറ്റിയിരുന്ന കെട്ടിലുള്ളതാണെന്നും പരീക്ഷാ കൺട്രോളറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ടുണ്ടായ കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് നേരത്തെ സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെടുത്തിരുന്നു. എഴുതിയതും എഴുതാത്തതുമായ അമ്പതോളം ഉത്തരക്കടലാസുകളാണ് കണ്ടെടുത്തത്. ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും പരിശോധനയിൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here