തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിയിൽ മനംനൊന്ത് ഓർമ നഷ്ടപ്പെട്ട് 10 വയസുകാരൻ; ആശ്വാസവാക്കുമായി പി കെ ബിജു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിയിൽ മനംനൊന്ത് ഓർമ നഷ്ടപ്പെട്ട പത്തുവയസുകാരനെ കാണാൻ ആലത്തൂർ മുൻ എംപി പി കെ ബിജു എത്തി. വാവുള്ളിയാപുരം സ്വദേശി മഹേഷ്, സുനിത ദമ്പതികളുടെ മകൻ പ്രണവിനാണ് ഓർമ നഷ്ടപ്പെട്ടത്. പത്ത് ദിവസത്തോളം പ്രണവ് തൃശൂർ മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. പി കെ ബിജു ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്.
ആശുപത്രിയിൽ ബോധം തെളിയുമ്പോളെല്ലാം തങ്ങൾക്കുണ്ടായ തോൽവിയാണ് പ്രണവിന്റെ ഓർമ്മയിൽ വന്നു കൊണ്ടിരുന്നത്. തന്നെ കാണണമെന്ന ആഗ്രഹം പ്രണവ് ഡോക്ടർമാരോടും മാതാപിതാക്കളോടും പങ്കുവെച്ചിരുന്നു. അവിടെ എത്തണമെന്ന് അപ്പോൾ തന്നെ താൻ മനസിൽ ഉറപ്പിച്ചു. കാവശ്ശേരി പാടൂർ ലോക്കൽ സെക്രട്ടറി പ്രമോമോദിനോടൊപ്പമാണ് പ്രണവിന്റെ വീട്ടിൽ എത്തിയതെന്നും ബിജു പറയുന്നു.
പ്രണവ് ന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണെന്നും മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നൽകിയതായും ബിജു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രണവിനെ കാണാൻ പോയി…
കാവശ്ശേരി കഴനി വാവുള്ളിയാപുരം സ്വദേശി മഹേഷ്, സുനിത ദമ്പതികളുടെ 10 വയസ്സുകാരൻ മകനാണ് പ്രണവ്. മർക്കസ് സെൻട്രൽ സ്‌കൂളിലെ അഞ്ചാം ക്ലാസ്സുകാരൻ വിദ്യാർഥി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മെയ് 23ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുമ്പോൾ ഇടതുപക്ഷത്തിന്റെ തോൽവിയിൽ മനംനൊന്ത് ഓർമ്മ നഷ്ടപ്പെട്ടുപോയ പ്രണവ് 10 ദിവസക്കാലം തൃശൂർ മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. നമ്മൾ തോറ്റു പോയി എന്നതാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുതിർന്നവർക്കൊപ്പം സജീവമായി പങ്കെടുത്ത പ്രണവിനു താങ്ങാൻ കഴിയാതിരുന്നത്, ബോധം തെളിയുമ്പോളെല്ലാം തങ്ങൾക്കുണ്ടായ തോൽവിയാണ് പ്രണവിന്റെ ഓർമ്മയിൽ വന്നു കൊണ്ടിരുന്നത്. വടക്കഞ്ചേരി സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് ബാലേട്ടനോട് പ്രണവിന്റെ ഡോക്ടർമാരും മാതാപിതാക്കളും പ്രണവിന് എന്നെ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞു അദ്ദേഹം അത് എന്നെ അറിയിക്കുകയും തീർച്ചയായും അവിടെ എത്തണമെന്ന് അപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു. കാവശ്ശേരി പാടൂർ ലോക്കൽ സെക്രട്ടറി പ്രമോമോദിനോടൊപ്പമാണ് പ്രണവിന്റെ വീട്ടിൽ ഞാൻ എത്തിയത്, പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നൽകിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും പടിയിറങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here