ഇനി മുതൽ യൂണിവേഴ്‌സിറ്റി കോളേജിൽ പിഎസ്‌സി പരീക്ഷ നടത്തില്ല

യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷാകേന്ദ്രം പിഎസ്‌സി മാറ്റി. ഇനി മുതൽ യൂണിവേഴ്‌സിറ്റി കോളേജിൽ പിഎസ്പി പരീക്ഷ നടത്തില്ല. നാളെ നടക്കാനിരുന്ന ഹൗസിംഗ് ബോർഡ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് യൂണിവേഴ്‌സിറ്റി കോളജ് പരീക്ഷാ കേന്ദ്രമാക്കിയിരുന്നു. എന്നാൽ ഇത് ഒഴിവാക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഇവിടെ കേന്ദ്രമായി അനുവദിച്ചിരുന്ന ഉദ്യോഗാർത്ഥികൾക്ക് പകരം കേന്ദ്രം സജ്ജീകരിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ റൂമിൽ നിന്നും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ഉത്തരകടലാസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
യൂണിവേഴ്‌സിറ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ശിവരഞ്ജിത്. ഈ ഉത്തര കടലാസുകൾ വ്യാജമല്ലെന്ന് കണ്ടെത്തിയിരുന്നു. 2015ലും 2016ലുമായി യൂണിവേഴ്‌സിറ്റി കോളേജ് കൈപ്പറ്റിയ ഉത്തരക്കടലാസുകളിൽ ഉൾപ്പെട്ടതാണിതെന്നും വ്യക്തമായിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പ്രതികൾ അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കത്തി കണ്ടെത്തി. യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തെ ചവറ് കൂനയിൽ നിന്നാണ് കത്തി കണ്ടെത്തിയിരിക്കുന്നത്.കേസിലെ ഒന്നും രണ്ടും പ്രതികളെ യൂണിവേഴ്‌സിറ്റി കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കത്തി കണ്ടെത്തിയത്. ശിവരഞ്ജിത്താണ് കുത്താൻ ഉപയോഗിച്ച കത്തി പുറത്തെടുത്തത്. കത്തി ഓൺലൈനായാണ് വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here