വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ അമേരിക്ക വെടിവെച്ചിട്ടു

ഹോര്‍മൂസ് കടലിടുക്കില്‍ വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ അമേരിക്ക വെടിവെച്ചിട്ടു. എണ്ണക്കടത്ത് ആരോപിച്ച് പിടികൂടിയ വിദേശ കപ്പല്‍ മോചിപ്പിക്കണമെന്ന അന്ത്യശാസനം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഡ്രോണ്‍ തകര്‍ത്തെന്ന അവകാശവാദവുമായി അമേരിക്ക രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നെന്ന സൂചനയാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്നത്.
അനധികൃതമായ എണ്ണകടത്തില്‍ ഏര്‍പ്പെട്ടിരുന്ന പനാമ കപ്പല്‍ ഞായറാഴ്ച പിടിച്ചെടുത്തെന്ന് ഇറാന്‍ ഇന്നലെയാണ് വ്യക്തമാക്കിയത്. ഇറാന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി അമേരിക്ക പിന്നാലെ രംഗത്തെത്തി. ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്നും അമേരിക്ക അന്ത്യശാസനം നല്‍കി.
കപ്പലുകള്‍ക്ക് സുഗമമായി കടന്നു പോകാനുള്ള അന്തരീക്ഷം മേഖലയില്‍ ഒരുക്കിയില്ലെങ്കില്‍ ഇറാന്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ടതായി അമേരിക്ക അറിയിച്ചത്. ഹോര്‍മൂസില്‍ അമേരിക്കയുടെ മുങ്ങികപ്പലിന് സമീപം അപകടകരമായ രീതിയില്‍ പറന്ന ഡ്രോണ്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവെച്ചിട്ടതെന്ന് ട്രംപ് പറഞ്ഞു.
വ്യോമപരിധി ലംഘിച്ച അമേരിക്കന്‍ ഡ്രോണ്‍ രണ്ടാഴ്ച മുന്‍പ് ഇറാനും വെടിവെച്ചിട്ടിരുന്നു. പിന്നാലെ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക പദ്ധതിയിട്ടെങ്കിലും മണിക്കൂറുകള്‍ക്ക് മുന്‍പ് ട്രംപ് പിന്‍മാറുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here