യൂണിവേഴ്‌സിറ്റി കോളേജിൽ 18 വർഷത്തിന് ശേഷം കെഎസ്‌യു വീണ്ടും യൂണിറ്റ് രൂപീകരിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു. 18 വർഷത്തിന് ശേഷമാണ് കെഎസ്‌യു ഇവിടെ യൂണിറ്റുണ്ടാക്കുന്നത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അമൽ ചന്ദ്രയാണ് യൂണിറ്റ് പ്രസിഡന്റ്. ആര്യ വൈസ് പ്രസിഡന്റും എസ്.അച്യുത് സെക്രട്ടറിയുമാണ്. ഏഴംഗ കമ്മിറ്റിയിൽ രണ്ട് പെൺകുട്ടികളുമുണ്ട്.
യൂണിവേഴ്‌സിറ്റി കോളേജ് പ്രശ്‌നത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം നടത്തുന്ന വേദിയിലായിരുന്നു യൂണിറ്റ് പ്രഖ്യാപനം.
തുടർന്ന് പ്രകടനമായി യൂണിവേഴ്‌സിറ്റി കോളേജിലെക്കെത്തിയ കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലിനെ കണ്ട് യൂണിറ്റ് ഭാരവാഹികളുടെ ലിസ്റ്റ് കൈമാറി. കോളേജിനുള്ളിൽ കൊടിമരം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്‌യു യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിദ്യാർത്ഥികൾ സംഘടനയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യൂണിറ്റ് കൂടുതൽ ശക്തമാക്കുമെന്നും കെഎസ്‌യു യൂണിറ്റ് നേതാക്കൾ പറഞ്ഞു. എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അടച്ചിച്ചിരുന്ന യൂണിവേഴ്‌സിറ്റി കോളേജിൽ ഇന്നു മുതൽ ക്ലാസുകൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. കനത്ത പൊലീസ് കാവലാണ് കോളേജ് പരിസരത്തുള്ളത്. തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷമാണ് വിദ്യാർത്ഥികളെയും അധ്യാപകരെയും അകത്തേക്ക് പ്രവേശിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here