‘ഉപദേശം ജേഷ്ഠസഹോദരനെന്ന നിലയിൽ; ആ തീരുമാനം സ്വാഗതം ചെയ്യപ്പെട്ടും’:മുല്ലപ്പള്ളി രാമചന്ദ്രൻ

പിരിവിലൂടെ സ്വന്തമായി കാർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നും കെപിസിസി ഉപദേശം മാനിച്ച് പിൻവാങ്ങുന്നു എന്ന രമ്യാ ഹരിദാസ് എംപിയുടെ തീരുമാനത്തെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഗാന്ധിയൻ മൂല്യങ്ങളിൽ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്‌നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങൾ കീഴടക്കിയത് എന്നത് ഏവർക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഉയർത്തെഴുന്നേറ്റ ഇന്ത്യൻ സ്ത്രീത്വത്തിന്റെ തിളക്കമാർന്ന മുഖമാണ് രമ്യാ ഹരിദാസ്്. രമ്യ ഒരു എം പി അല്ലായിരുന്നുവെങ്കിൽ സഹപ്രവർത്തകരുടെ സ്‌നേഹ സഹായം സ്വീകരിക്കുന്നതിൽ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കൽ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠസഹോദരൻ എന്ന നിലയിലാണ് താൻ രമ്യയെ ഉപദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപ്രസ്ഥാന കാലത്തെ പ്രോജ്വലമായ മൂല്യബോധമാണ് ഓരോ കോൺഗ്രസുകാരന്റെയും മൂലധനം. അത് കൈമോശം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. രമ്യയ്ക്ക് അത് സാധിക്കുമെന്ന ഉത്തമബോധ്യം തനിക്കുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ രമ്യയോട് കാണിച്ച സന്മനസിനെ താൻ അഭിനന്ദിക്കുന്നു. രമ്യയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.