ആജീവനാന്ത കരാറിന് ബാഴ്സ; നെയ്മറെ ടീമിലെത്തിച്ചാലേ സമ്മതിക്കൂ എന്ന് മെസ്സി

ബാഴ്സലോണ എഫ്സിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായി പുതിയ കരാറിനുള്ള ശ്രമം ആരംഭിച്ച് ക്ലബ്ബ്. 2021ലാണ് മെസ്സിയുടെ കരാര്‍ അവസാനിക്കുന്നത്. ഇതിന് മുമ്പ് തന്നെ അര്‍ജന്‍റീനന്‍ നായകനുമായി കരാര്‍ പുതുക്കി, താരത്തെ ടീമില്‍ നിലനിര്‍ത്താനുള്ള നീക്കമാണ് ബാഴ്സലോണ പ്രസി‍ഡണ്ട് ജോസഫ് മരിയ ബര്‍ത്തോമിയോ നടത്തുന്നത്.

നിശ്ചിത വര്‍ഷത്തേക്കുള്ള കരാറിന് പകരം മെസ്സിയുമായി ആജീവനാന്ത കരാറിനാണ് നിലവില്‍ ബാഴ്സ മാനേജ്മെന്‍റ് ശ്രമം നടത്തുന്നത്. എന്നാല്‍ ടീമില്‍ തുടരുന്നതുമായി ബന്ധപ്പെട്ടോ കരാറുമായി ബന്ധപ്പെട്ടോ മെസ്സി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ബാഴ്സലോണ വിട്ട് പാരീസ് സെയ്ന്‍റ് ജര്‍മെയ്നില്‍ എത്തിയ ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മറിനെ തിരികെ കൊണ്ടുവന്നാല്‍ മാത്രം ക്ലബ്ബില്‍ തുടരാമെന്ന നിലപാടിലാണ് മെസ്സി.

ബാഴ്സയുടെ എക്കാലത്തെയും മികച്ച താരമാണ് ലയണല്‍ മെസ്സി. മെസ്സിക്കൊപ്പം ലൂയി സുവാരസും നെയ്മറും അണിനിരന്ന കഴിഞ്ഞ സീസണിലെ ബാഴ്സ മുന്നേറ്റനിര തിരിച്ചുപിടിക്കുകയാണ് മെസ്സി ഉദ്ദേശിക്കുന്നത്. നെയ്മര്‍ കൂടി ടീമിനൊപ്പം ചേര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന വാദമാണ് മെസ്സി ബാഴ്സ മാനേജ്മെന്‍റിന് മുമ്പാകെ വെക്കുന്നത്.

മാനേജ്മെന്‍റ് മെസ്സിയുടെ വാദങ്ങള്‍ അംഗീകരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. പിഎസ്ജി വിടാനുള്ള താത്പര്യം നേരത്തേ തന്നെ ക്ലബ്ബ് അധികൃതരെ നെയ്മര്‍ അറിയിച്ചിരുന്നു. ബാഴ്സയിലേക്ക് തിരികെയെത്തിയാല്‍ കൊള്ളാമെന്ന ആഗ്രഹമാണ് നെയ്മറും പ്രകടിപ്പിച്ചത്. ബ്ഴ്സയിലായിരുന്നപ്പോള്‍ പിഎസ്ജിക്കെതിരെ നേടിയ ഗോളാണ് തന്‍റെ ഫുട്ബോള്‍ കരിയറിലെ ഏറ്റവും മികച്ച നിമിഷമെന്ന് കഴിഞ്ഞയിടെ നെയ്മര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. മെസ്സിയുടെ ആവശ്യം മാനേജ്മെന്‍റ് അംഗീകരിച്ചാല്‍ ബാഴ്സയുടെ മുന്നേറ്റനിരയില്‍ എംഎസ്എന്‍ കൂട്ടുകെട്ടിന്‍റെ അദ്ഭുതപ്രവൃത്തികള്‍ ആവര്‍ത്തിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top