എറണാകുളം ലാത്തിച്ചാർജ്; മന്ത്രിസഭാ യോഗത്തിൽ സിപിഐഎം, സിപിഐ മന്ത്രിമാർ തമ്മിൽ വാക്‌പോര്

എറണാകുളം ലാത്തിച്ചാർജിനെച്ചൊല്ലി മന്ത്രിസഭാ യോഗത്തിൽ സിപിഐഎം, സിപിഐ മന്ത്രിമാർ തമ്മിൽ വാക്പോര്. എൽദോ എബ്രഹാം എംഎൽഎയെ മർദിച്ച പൊലീസ് നടപടിയിൽ സിപിഐ മന്ത്രിമാർ ശക്തമായി പ്രതിഷേധിച്ചു. സംഭവത്തെ ന്യായീകരിക്കാൻ എ കെ ബാലൻ ശ്രമിച്ചതാണ് വാക്പോരിൽ കലാശിച്ചത്.
എംഎൽഎയെ മർദിച്ചത് ഒരുതരത്തിലും നീതികരിക്കാനാവില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ യോഗത്തിൽ പറഞ്ഞു. തല്ലിയത് സിആർപിഎഫോ സായുധസേനയോ അല്ല. ലോക്കൽ പൊലീസിന് എംഎൽഎയെ കണ്ടാൽ തിരിച്ചറിയില്ലെന്ന് പറയാനാവുമോ എന്നും അദ്ദേഹം ചോദിച്ചു. നിയമവാഴ്ച തകർന്നതിന്റെ ഉദാഹരണമാണിത്. സംഭവത്തിൽ അന്വേഷണം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ചന്ദ്രശേഖരൻ പറഞ്ഞു.
ഭരണത്തിലുള്ളവർ സമരത്തിനിറങ്ങിയാൽ ഇങ്ങനെയൊക്കെ വരുമെന്നായിരുന്നു എ കെ ബാലന്റെ പരാമർശം. പിന്നെയും സിപിഐക്കെതിരെ വിമർശനം തുടർന്നപ്പോൾ വി എസ് സുനിൽകുമാറും പി തിലോത്തമനും ബാലനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. സമരങ്ങൾ നടത്താൻ ഇനിയും മടിയില്ലെന്നും സമരങ്ങളിലൂടെയാണ് ഇതുവരെ എത്തിയതെന്നും സുനിൽകുമാർ പറഞ്ഞു. ഈ സമയം മുഖ്യമന്ത്രി ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചത്. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് വരുന്നമുറയ്ക്ക് ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിപിഐ മന്ത്രിമാർക്ക് ഉറപ്പുനൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here