എസ്.ഐ ആവേശത്തോടെ രണ്ട് കയ്യും ഉപയോഗിച്ച് ലാത്തി കൊണ്ട് തന്റെ പുറത്തടിച്ചു ; പൊലീസിന്റെ പരിക്ക് സംശയകരമെന്നും എൽദോ എബ്രഹാം എംഎൽഎ

തന്നെ മർദിച്ചിട്ടില്ലെന്ന പൊലീസിന്റെ വാദം ബാലിശമാണെന്നും മർദനമേറ്റതിന്റെ തെളിവുകളുണ്ടെന്നും എൽദോ എബ്രഹാം എംഎൽഎ. സബ് ഇൻസ്‌പെക്ടർ രണ്ടു കൈയ്യും ഉപയോഗിച്ചാണ് ലാത്തി കൊണ്ട് തന്റെ പുറത്തടിച്ചത്. ആവേശത്തോടെയായിരുന്നു എസ്‌ഐയുടെ നടപടിയെന്നും എംഎൽഎ പറഞ്ഞു. സംഘർഷത്തിന് പിന്നാലെ ചില പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
ലാത്തിച്ചാർജ്ജിലും ജലപീരങ്കി പ്രയോഗത്തിലുമൊക്കെയാണ് സാധാരണ പരിക്കേൽക്കുക. ഇതൊന്നുമില്ലാതെ പൊലീസുകാർക്ക് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയത് സംശയകരമാണ്. പൊലീസ് വ്യാജമായ കാര്യങ്ങളാണ് പറയുന്നത്. അവർക്ക് തടിതപ്പാനുള്ള ന്യായീകരണങ്ങളാണ് നടത്തുന്നത്.
ഇന്നലെയുണ്ടായ സംഘർഷത്തിൽ തന്റെ കൈക്ക് കാര്യമായ പരിക്കുണ്ട്. പുറത്തും കഴുത്തിലും കാൽമുട്ടിലും പരിക്കേറ്റിട്ടുണ്ട്. ജലപീരങ്കി പ്രയോഗത്തിൽ തെറിച്ച് വീണതിന്റെ ഭാഗമായി ക്ഷതമുണ്ട്. മുഖ്യമന്ത്രി കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എൽദോ എബ്രഹാം എംഎൽഎ പറഞ്ഞു.ഇന്നലെ കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിലാണ് സിപിഐ എംഎൽഎയ്ക്കും നേതാക്കൾക്കുമെതിരെ പൊലീസ് നടപടിയുണ്ടായത്. ബാരിക്കേഡ് മറികടന്ന് നേതാക്കൾ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
മാർച്ചിന്റെ മുൻനിരയിലുണ്ടായിരുന്ന മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും പരിക്കേറ്റു. ഇടതു കയ്യൊടിഞ്ഞ എംഎൽഎ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ലാത്തിച്ചാർജിൽ എംഎൽഎയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. സിപിഐ എംഎൽഎയ്ക്കും നേതാക്കൾക്കും നേരെയുണ്ടായ ലാത്തിച്ചാർജിൽ സിപിഐ സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. മന്ത്രി ഇ.ചന്ദ്രശേഖരൻ ഇന്നലെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് അതൃപ്തി അറിയിച്ചത്. സംഘർഷത്തിൽ എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെയുള്ള പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here