സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് മണിക്കൂറില്‍ പരാമാവധി 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കടല്‍ പ്രക്ഷ്ബുധമാക്കാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ കര്‍ക്കടകവാവിന് ശംഖുമുഖത്ത് ബലിതര്‍പ്പണത്തിനു നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന മഴ ഇന്നും നാളെയുമായി ശമിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എവിടെയും റെഡ്, ഓറഞ്ച് ആലേര്‍ട്ടുകള്‍ ഇല്ല. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. ജൂലൈ 27 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയും കടല്‍ പ്രക്ഷുബ്ധമാകാനാമുള്ള സാധ്യതയുമുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്.സംസ്ഥാനത്താകെ 39 ദുരിതാശ്വാസ ക്യാമ്പുകളിലായി 2204 പേരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഒരാഴ്ചയായി തുടരുന്ന കടലാക്രമണത്തില്‍ ശംഖുമുഖം റോഡിന്റെ ഒരു വശം പൂര്‍ണമായി കടലെടുത്തു. ശംഖുമുഖം തീരത്തെ കല്‍കെട്ടുകളടക്കം തകര്‍ന്നിട്ടുണ്ട്. കര്‍ക്കടക വാവിന് പതിവായി ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന കടവിലും വലിയതോതില്‍ തീരശോഷണം സംഭവിച്ച് അപകടാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്, ശംഖുമുഖത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here