പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കുമെന്ന് മന്ത്രി കെ ടി ജലീൽ

പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കുമെന്ന് മന്ത്രി കെ ടി ജലീൽ. യൂണിവേഴ്സിറ്റി കോളേജിൽ ഉത്തരപേപ്പർ ചോർന്ന സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നും ജലീൽ പറഞ്ഞു.
പരീക്ഷ പേപ്പർ ചോർന്നതിൽ യുഡിഎഫിനും ഉത്തരവാദിത്തമുണ്ട്. അന്നത്തെ വിസിക്കും സിൻഡിക്കേറ്റിനും സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അതുപോലെ തന്നെ ഇൻവിജിലേറ്റേഴ്സിനും പ്രിൻസിപ്പലിനും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഉത്തരക്കടലാസുകളല്ല വെറും പേപ്പറുകൾ മാത്രമാണ് നഷ്ടമായതെന്ന എൽഡിഎഫ് കൺവീനറുടെ പരാമർശം ഏത് സാഹചര്യത്തിലാണെന്നറിയില്ലെന്നും സ്പോർട്സ് ക്വാട്ട പ്രവേശനത്തിൽ ക്രമക്കേടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി ജലീൽ പറഞ്ഞു.
കുത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തെ ന്യായീകരിച്ച് എ വിജയരാഘവൻ രംഗത്തെത്തിയിരുന്നു. ഉത്തരമെഴുതാത്ത കടലാസിനു വെള്ളക്കടലാസിന്റെ വില മാത്രമാണെന്നും അതിനാൽ വിഷയം കാര്യമാക്കേണ്ടെന്നുമായിരുന്നു വിജയരാഘവൻ പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here