കര്‍ണാടകയില്‍ നാടകീയ നീക്കങ്ങള്‍; യദ്യൂരപ്പ ഇന്ന് മുംബൈക്ക് പോയേക്കും

കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ കേന്ദ്ര നേതൃത്വം ഉടന്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന ഘടകം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ കാണാന്‍ യദ്യൂരപ്പ മുംബൈക്ക് പോകുമെന്നും സൂചനയുണ്ട്. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസിലും സജീവമായി.

കപ്പിനും ചുണ്ടിനുമിടയിലാണ് യദ്യൂരപ്പക്ക് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം. പക്ഷേ സത്യപ്രതിജ്ഞ ചെയ്യാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വൈകുകയാണ്. ഇന്നലെ രാവിലെ 11ന് ചേരുമെന്നറിയിച്ച ബിജെപി നിയമസഭാ കക്ഷി യോഗം ഇനിയും ചേര്‍ന്നിട്ടില്ല. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ മതി നിയമസഭാ കക്ഷി യോഗം എന്ന നിര്‍ദേശം കേന്ദ്ര നേതാക്കള്‍ തന്നെയാണ് സംസ്ഥാന ഘടകത്തെ അറിയിച്ചത്. സര്‍ക്കാരിനെ വീഴ്ത്തിയ വിമത എം എല്‍ മാര്‍ക്കു മുകളില്‍ അയോഗ്യതാ ഭീഷണി നിലനില്‍ക്കുന്നതും ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഇവര്‍ അയോഗ്യരായാലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ജയിച്ചു വരാമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം ബി ജെ പി നേതാക്കള്‍. അടുത്തിടെ ആര്‍എസ്എസില്‍ നിന്നും ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിതനായ കര്‍ണാടക സ്വദേശി ബി എല്‍ സന്തോഷിന്റെ റിപ്പോര്‍ട്ടും കേന്ദ്ര നേതൃത്വം പരിഗണിക്കും. അറിയപ്പെടുന്ന യദ്യൂരപ്പ പക്ഷക്കാരനായിരുന്നു ബി എല്‍ സന്തോഷ് . മറുവശത്ത് കോണ്‍ഗ്രസിന്‍ പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചര്‍ച്ച സജീവമായി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിലവില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ്.ജി. പരമേശ്വരയും ഡികെ ശിവകുമാറുമാണ് പ്രതിപക്ഷ നേതൃസ്ഥാനം നോട്ടമിട്ടിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top