സംസ്ഥാനത്ത് വൻകള്ളനോട്ട് വേട്ട; 24 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടി

സംസ്ഥാനത്ത് വൻകള്ളനോട്ട് വേട്ട. തിരുവനന്തപുരത്തു നിന്നും കോഴിക്കോട് നിന്നുമായി 24 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. തിരുവനന്തപുരത്ത് നിന്ന് ആറ് ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. കുന്നമംഗലത്തു നിന്നും രാമനാട്ടുകരയിൽ നിന്നുമായി ഇരുപത് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും പിടികൂടി. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടും നോട്ടടി യന്ത്രവും പിടികൂടിയത്.
രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും ഇരുന്നൂറിന്റേയും ഉൾപ്പെടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. അധികവും രണ്ടായിരത്തിന്റെ കള്ളനോട്ടുകളാണ്. കോഴിക്കോട് നിന്നും കള്ളനോട്ട് അടിക്കുന്ന മൂന്ന് യൂണിറ്റുകൾ പിടികൂടി. കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുൾ റഷീദുമാണ് അറസ്റ്റിലായത്. ഫറോക്കിലെ റെയ്ഡ് അവസാനിച്ചു. അവിടെ നിന്ന് 2,40,000 രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു. കോടമ്പുഴയിൽ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി. ബാക്കി നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നേയുള്ളൂ.
ആറ്റിങ്ങലിൽ ലക്ഷങ്ങളുടെ കള്ളനോട്ടുമായി 4 പേർ പിടിയിലായിരുന്നു. ആറ്റിങ്ങലിൽ നിന്ന് ആറേമുക്കാൽ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് കോഴിക്കോട് റെയ്ഡ് നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here