എതിരഭിപ്രായമുള്ളവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി

വിയോജനാഭിപ്രായമുള്ളവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർ ഗോപാലകൃഷ്ണനെതിരായ സംഘപരിവാർ ഭീഷണി പ്രതിഷേധാർഹവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിയോജനാഭിപ്രായമുള്ളവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങൾ ഇവിടെ അനുവദിക്കുന്ന പ്രശ്‌നമേയില്ല. കേരളത്തിൻറെ യശസ് സാർവ്വദേശീയ തലത്തിൽ ഉയർത്തിയ ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോൾ അതിനെ സാംസ്‌കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാൻ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ജയ് ശ്രീറാം വിളിച്ചുള്ള ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നത് ചൂണ്ടിക്കാട്ടി അടൂർ ഉൾപ്പെടെ 49 ഓളം പ്രമുഖർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതാണ് ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചത്. ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

ഇതിന് മറുപടിയുമായി അടൂരും രംഗത്തെത്തിയിരുന്നു. അഭിപ്രായം പറയുന്നവരെ ശത്രുക്കളായി കാണുന്നത് വിഡ്ഢിത്തമെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ജയ് ശ്രീറാമിനെതിരെയല്ല, അത് കൊലവിളിയാക്കിയതിനെതിരെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ന്യൂനപക്ഷങ്ങളെ ആൾക്കൂട്ടം മർദിച്ചവശരാക്കി ജയ് ശ്രീറാം വിളിപ്പിക്കുന്നു. നിയന്ത്രിച്ചില്ലെങ്കിൽ രാജ്യം അരാജകത്വത്തിലേയ്ക്ക് നീങ്ങുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top