ലോക്സഭാ ഡപ്യൂട്ടി സ്പീക്കറോട് ലൈംഗിക ചുവയുള്ള ഭാഷ ഉപയോഗിച്ചു; അസം ഖാനെതിരെ സഭ ഐകകണ്‌ഠേന പ്രമേയം പാസ്സാക്കി

ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ രമാദേവിയോട് ലൈംഗീക ചുവയുള്ള ഭാഷ ഉപയോഗിച്ച് സംസാരിച്ച സമാജ് വാദി പാർട്ടി എംപി അസം ഖാനെതിരെ സഭ ഐകകണ്ഠേന പ്രമേയം പാസ്സാക്കി. അസം ഖാനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം സ്പീക്കറുടെ തീരുമാനത്തിന് വിട്ടു. അതേ സമയം ചലച്ചിത്രകാരന്‍ അടൂർ ഗോപാലകൃഷ്ണനെതിരെ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍റെ ഭീഷണി ചർച്ച ചെയ്യണമെന്ന കോണ്‍ഗ്രസിന്‍റെ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നല്‍കിയില്ല.

ബീഹാറില്‍ നിന്നുള്ള ബിജെപി എംപിയായ രമാദേവി കഴിഞ്ഞ ദിവസം സഭാ നടപടികള്‍ നിയന്ത്രിക്കുന്ന വേളയിലായിരുന്നു അസം ഖാന്‍റെ മോശം പരാമർശം. അതിനെതിരെ ശക്തമായ പ്രതിഷേധം ഇന്നലെ ലോക്സഭയില്‍ ഭരണപക്ഷം ഉയർത്തിയിരുന്നു. അസംഖാനെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു. കക്ഷി രാഷ്ട്രീയ ഭേദമന്യേ അസം ഖാനെതിരെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വനിത എം പിമ്മാർ അസം ഖാന്‍റെ നടപടിയെ അതി ശക്തമായി വിമർശിച്ചു.

സഭയില്‍ നിന്ന് അസം ഖാനെ സസ്പെന്‍ഡ് ചെയ്യുന്നതടക്കം എന്ത് നടപടി സ്വീകരിക്കണമെന്ന് സ്വീക്കർ ഓം ബിർല തീരുമാനിക്കും. അതേ സമയം അസഹിഷ്ണുത വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പിട്ടതിന് അടൂർ ഗോപാലകൃഷ്ണനെ ബി ജെ പി ഭീഷണിപ്പെടുത്തുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കർ ചർച്ചക്ക് അനുമതി നല്‍കിയില്ല. ആന്‍റോ ആന്‍ണി എം പിയായിരുന്നു നോട്ടീസ് നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top