ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകും; സുപ്രധാന ബില്‍ ഇന്ന് ലോക്‌സഭയില്‍

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ പാര്‍ലമെന്റില്‍ സുപ്രധാന ബില്ലുകളുമായി കേന്ദ്രസര്‍ക്കാര്‍. അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ക്കഴിഞ്ഞ മന്ത്രിമാരെ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. ഒരുമാസത്തിലധികം കസ്റ്റഡിയിലായാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനംനഷ്ടമാകുമെന്നാണ് ബില്ലിലെ വ്യവസ്ഥ. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ.
പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതില്‍ തടസമില്ല. ഈ ബില്ല് നടപ്പാക്കാന്‍ ആവശ്യമായ ഭരണഘടന ഭേദഗതിക്കും കേന്ദ്ര ഭരണ പ്രദേശ നിയമഭേദഗതിക്കും വേണ്ടിയുള്ള രണ്ട് ബില്ലുകളും ആഭ്യന്തരമന്ത്രിയുടെ പേരില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീര്‍ പുനഃസംഘടന ബില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക.
Read Also: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സിപി രാധാകൃഷ്ണന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും
രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ബില്ലും ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ബില്‍ അവതരിപ്പിക്കുക. കഴിഞ്ഞ ദിവസമാണ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. വോട്ടര്‍പട്ടിക പരിഷ്‌കരണ വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. പുതിയ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.
Story Highlights : Three bills for removal of PM, CMs, Ministers held on serious criminal charges in the Lok Sabha today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here