‘ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിയായി’: കോടിയേരി ബാലകൃഷ്ണൻ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല പ്രശ്‌നം വോട്ടുചോർച്ചയ്ക്ക് കാരണമായെന്ന് ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് ബോധ്യമായി. വിമർശനങ്ങൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കോടിയേരി ദേശാഭിമാനിയിലെ പ്രതിവാര പംക്തിയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ തേടി സിപിഐഎം നേതാക്കൾ നടത്തുന്ന ഗൃഹസന്ദർശനത്തിൽ പൊതുജനത്തിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പാർട്ടി മുഖപത്രത്തിലെ കോടിയേരിയുടെ ലേഖനം. സർക്കാർ നേട്ടങ്ങളെ മുക്കിക്കളയുന്ന ചില വിവാദങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടായി. അതു തിരുത്തപ്പെടണമെന്ന നിർദേശങ്ങളാണ് പലരും മുന്നോട്ടുവെച്ചത്. പൊലീസ് പ്രവർത്തനങ്ങളിൽ വേണ്ട ജാഗ്രതയെ പറ്റിയും അഭിപ്രായം ഉയർന്നുവെന്നും കോടിയേരി വ്യക്തമാക്കുന്നു.
ശബരിമല വിഷയത്തെ തുടർന്ന് വോട്ടു മാറി ചെയ്‌തെന്ന് ചില വീട്ടമ്മമാർ പറഞ്ഞു. സുപ്രീംകോടതി വിധി വന്നപ്പോൾ പിന്തുണച്ച ബിജെപിയും കോൺഗ്രസും നിലപാട് മാറ്റിയപ്പോൾ രാഷ്ട്രീയ സമരമായി മാറുമെന്ന് കണക്കിലെടുത്ത് ഇടപെടാൻ ഗവൺമെന്റിന് കഴിഞ്ഞില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടിയെന്ന് കോടിയേരി പറയുന്നു.
വനിതാ മതിലിന് ശേഷം രണ്ടു സ്ത്രീകൾ ക്ഷേത്രത്തിൽ കയറിയത് സർക്കാരിനും എൽഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങൾ ഉണ്ടായി.
വിശ്വാസ സ്വാതന്ത്ര്യത്തിനും ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും എൽഡിഎഫ് എതിരാണെന്ന തെറ്റിദ്ധാരണ വോട്ടുചോർത്തിയെന്ന് ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് ബോധ്യമായെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു. പാർട്ടിയും മുന്നണിയും പരിശോധിക്കേണ്ട ചില വിമർശനങ്ങൾ പരിശോധിക്കുകയും തുർനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here